വിഴിഞ്ഞം: ഭർതൃഗൃഹത്തിൽ യുവതി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് വിഴിഞ്ഞം സാമൂഹ്യാരോഗ്യ കേന്ദ്രത്തിനു സമീപം പൊടിയണിവിള വീട്ടിൽ അഭിലാഷിനെ (32) പൊലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച സന്ധ്യയോടെയാണ് നാഗർകോവിൽ സ്വദേശികളായ നാഗരാജന്റെയും കലയുടെയും മകളായ വിഘ്‌നേശ്വരിയെ (27) വീടിന്റെ ഒന്നാം നിലയിലെ കിടപ്പുമുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മദ്യലഹരിയിൽ ഭർത്താവിന്റെ നിരന്തര ഉപദ്രവത്തെ തുടർന്നാണ് ആത്മഹത്യ എന്ന് വിഘ്‌നേശ്വരി എഴുതിയ ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിരുന്നു.
യുവതിയുടെ ഫോണിൽ അമ്മയ്ക്കുവേണ്ടി റെക്കാഡ് ചെയ്തു സൂക്ഷിച്ചിരുന്ന ശബ്‌ദ സന്ദേശവും പൊലീസ് കണ്ടെടുത്തു. ഇതേത്തുടർന്ന് സംഭവദിവസം തന്നെ കസ്റ്റഡിയിലായിരുന്ന അഭിലാഷിന്റെ അറസ്റ്ര് പൊലീസ് രേഖപ്പെടുത്തി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആത്മഹത്യാ പ്രേരണയ്ക്കാണ് കേസെടുത്തത്.
രണ്ടു വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാഹം. ഒരു പേയ്മെന്റ് ആപ്പിലെ ജീവനക്കാരനാണ് അഭിലാഷ്. ചോദ്യം ചെയ്യലിൽ ഭാര്യയ്ക്ക് 'ഇടയ്ക്ക്
ചെറിയ കൊട്ട്' കൊടുക്കാറുണ്ടെന്ന് അഭിലാഷ് പൊലീസിനോട് പറഞ്ഞു. സംഭവദിവസം വൈകിട്ട് അഭിലാഷിന്റെ പിതാവ് ചന്ദ്രൻ എത്തിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ഫോൺ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് അയൽവാസിയുടെ സഹായത്തോടെ വീടിന്റെ ജനൽ ഗ്ലാസ് തകർത്തു നോക്കുമ്പോഴാണ് വിഘ്‌നേശ്വരിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണം സംഭവിച്ചിട്ട് മണിക്കൂറുകൾ ആയതായി ഡോക്ടർ അറിയിച്ചിരുന്നു.
അഭിലാഷിന്റെ മാതാവ് ജയലക്ഷ്മി നാലു മാസമായി മകളുടെ വീട്ടിലായിരുന്നു. ജോലിക്ക് പോയി മടങ്ങിയെത്തിയപ്പോഴാണ് അഭിലാഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മൂന്ന് ദിവസം മുൻപ് വിവാഹ വാർഷികം ആഘോഷിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനുശേഷം വിഘ്‌നേശ്വരിയുടെ മൃതദേഹം നാഗർകോവിലിലേക്ക് കൊണ്ടുപോയി.
'സോറി അപ്പാ അമ്മ..'
'അമ്മ എന്റെ ഫോൺ നന്നായി പരിശോധിക്കണം. എല്ലാ തെളിവുകളും അതിലുണ്ട്. ഇനി ഇവിടെ നിൽക്കാനാകില്ല'. വിഘ്നേശ്വരിയുടെ ആത്മഹത്യാകുറിപ്പിലെ വാക്കുകളാണിത്. 'മദ്യപിച്ച് നിരന്തരം ഭർത്താവ് അഭിലാഷ് ഉപദ്രവിക്കുമായിരുന്നു. അച്ഛൻ ഹൃദ്രോഗിയായതിനാൽ ഒന്നും പറഞ്ഞിരുന്നില്ല. ഒരു ഐ.ടി കമ്പനിയുടെ പ്രോജക്ട് ഏറ്റെടുത്തിട്ടുണ്ടായിരുന്നു. അത് തീരുംവരെ പിടിച്ചു നിൽക്കേണ്ടിവന്നു. എന്റെ ആത്മഹത്യയിൽ പ്രതി അഭിലാഷാണ്. കാരണം ആൽക്കഹോളിക്കാണ്. സോറി അപ്പാ, അമ്മാ'. എന്നും ആത്മഹത്യാ കുറിപ്പിൽ എഴുതിയിരുന്നതായി പൊലീസ് പറഞ്ഞു.
ഇടതുകൈയിൽ മർദ്ദനമേറ്റ പാടിന്റെ രണ്ട് ദൃശ്യങ്ങൾ വിഘ്നേശ്വരിയുടെ ഫോണിൽ നിന്ന് പൊലീസിന് ലഭിച്ചു. ഭർത്താവിന്റെ ഉപദ്രവത്തെക്കുറിച്ച് മകൾ മുൻപും പറഞ്ഞിരുന്നതായി അമ്മ പൊലീസിന് മൊഴി നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |