മൂവാറ്റുപുഴ: മാറാടി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ എയ്ഞ്ചൽ വോയ്സ് കനാൽ ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റിക്ക് (എം.സി.എഫ്.) വീണ്ടും സാമൂഹ്യവിരുദ്ധർ തീയിട്ടു. തുടർച്ചയായി രണ്ടാം തവണയാണ് പൊതുമുതലിന് നേരെ ആക്രമണമുണ്ടാകുന്നത്. സംഭവത്തിൽ ചാക്കുകണക്കിന് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തി നശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിയതിനെ തുടർന്നുണ്ടായ പുക പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുഉണ്ടാക്കി.
മാർച്ച് 17ന് രാത്രി എട്ടരയോടെ ഇതേ എം.സി.എഫിന് തീയിട്ടിരുന്നു. അന്ന് തീ ആളിപ്പടരുന്നതിന് മുമ്പ് നാട്ടുകാരും പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി തീ അണച്ചതിനാൽ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. വേനൽക്കാലത്ത് പരിസരത്തെ ഉണങ്ങിയ ചപ്പുചവറുകളിലേക്കും സമീപത്തെ വീടുകളിലേക്കും തീ പടരാൻ സാദ്ധ്യതയുണ്ടായിരുന്നുവെന്ന് പ്രദേശവാസികൾ പറയുന്നു. ആദ്യ സംഭവത്തെ തുടർന്ന് കുറ്റക്കാരെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് മാറാടി ഗ്രാമപഞ്ചായത്ത് മൂവാറ്റുപുഴ പൊലീസിൽ പരാതി നൽകിയിരുന്നെങ്കിലും മാസങ്ങൾ കഴിഞ്ഞിട്ടും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഇതിനിടെയാണ് വീണ്ടും അതേ എം.സി.എഫിന് തീയിട്ടത്. ഇതോടെ പ്രദേശവാസികളിലും പഞ്ചായത്ത് ഭരണസമിതിയിലും ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പൊലീസ് പട്രോളിംഗ് ആവശ്യം
എം.സി.എഫ് ഉൾപ്പെടെയുള്ള പൊതുസ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ രാത്രികാല പൊലീസ് പട്രോളിംഗ് ശക്തമാക്കണം
പ്രദേശത്ത് രാത്രികാലങ്ങളിൽ ലഹരി ഉപയോഗത്തിനായി സാമൂഹ്യവിരുദ്ധരുടെ സാന്നിദ്ധ്യമുണ്ടെന്ന് പരാതിയും ഗൗരവമായെടുക്കണം
അക്രമങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ പൊലീസ് നടപടി അനിവാര്യം
സമഗ്രമായ അന്വേഷണം നടത്തി കുറ്റക്കാരെ എത്രയും വേഗം കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണം
ഷാന്റി എബ്രഹാം
പഞ്ചായത്ത് പ്രസിഡന്റ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |