ബംഗൂളുരു: 11 മാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ച മാതാപിതാക്കൾ അറസ്റ്റിൽ. കുഞ്ഞിന്റെ പിതാവ് ശേഖപ്പ, മാതാവ് വിജയലക്ഷ്‌മി എന്നിവരാണ് അറസ്റ്റിലായത്. കിഴക്കൻ ബംഗളൂരുവിലെ അവലഹള്ളി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കിറ്റഗനൂർ ഗ്രാമത്തിലാണ് സംഭവം.
കുഞ്ഞ് കട്ടിലിൽനിന്ന് വീണുമരിച്ചെന്നാണ് ശേഖപ്പ പൊലീസിനോട് പറഞ്ഞത്. മുലയൂട്ടുന്നതിനിടെ അമ്മ ഉറങ്ങിപ്പോയെന്നും ഇതിനിടെ കുഞ്ഞ് താഴെ വീണെന്നുമായിരുന്നു വിശദീകരണം. മാതാപിതാക്കളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതോടെ ഇരുവരുടെയും മൊഴി തെറ്റാണെന്ന് തെളിയുകയായിരുന്നു. കുഞ്ഞിന് ഗുരുതരമായ ആന്തരികക്ഷതങ്ങൾ സംഭവിച്ചതായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. ഇതേതുടർന്നുണ്ടായ രക്തസ്രാവവും ശ്വാസതടസവുമാണ് മരണകാരണമായത്.
കുഞ്ഞിന്റെ മുഖം, നെഞ്ച്, കാലുകൾ, സ്വകാര്യ ഭാഗങ്ങൾ എന്നിവിടങ്ങളിൽ പരിക്കുകളുണ്ടായിരുന്നു. രണ്ടടി മാത്രം ഉയരമുള്ള കട്ടിലിൽനിന്ന് വീണാൽ ഇത്രയധികം പരിക്കുകൾ ഉണ്ടാകില്ലെന്നുള്ള കാര്യം അന്വേഷണസംഘത്തിൽ സംശയം ഉണ്ടാക്കി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ദമ്പതികൾ തമ്മിലുണ്ടായ വഴക്കിനിടയിൽ കുഞ്ഞിനെ പിതാവ് നിലത്തെറിഞ്ഞ് കൊന്നതാണെന്ന് കണ്ടെത്തി.
വഴക്കിനിടയിൽ കുഞ്ഞ് കരഞ്ഞപ്പോൾ വിജയലക്ഷ്‌മി കുട്ടിയെ ചവിട്ടി. തുടർന്ന് ദേഷ്യത്തിൽ ശേഖപ്പ കുഞ്ഞിനെ ശക്തമായി നിലത്തേയ്‌ക്കെടുത്ത് എറിയുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വിജയലക്ഷ്‌മിയ്‌ക്ക് അയൽവാസിയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നെന്നും കുഞ്ഞിനോട് സ്‌നേഹത്തോടെ പെരുമാറിയിരുന്നില്ലെന്നും സാക്ഷികൾ മൊഴി നൽകിയതായും പൊലീസ് വ്യക്തമാക്കി. കേസിൽ വിശദമായ അന്വേഷണം തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |