ഗോഹട്ടി: വാഹനം ഓവർടേക്ക് ചെയ്‌തതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ റോഡിൽ അതിക്രമം നടത്തിയ ബിജെപി നേതാവ് അറസ്റ്റിൽ. അസമിലെ ഗോഹട്ടിയിൽ നടന്ന സംഭവത്തിൽ ബിജെപി യുവജന വിഭാഗം നേതാവായ അഭിഷേക് ദത്തയാണ് പിടിയിലായത്. മറ്റൊരു വാഹനം തന്റെ വണ്ടിയെ ഓവർടേക്ക് ചെയ്തതാണ് നേതാവിനെ പ്രകോപിപ്പിച്ചത്. തുടർന്ന് റോഡരികിൽ ചെറിയ രീതിയിൽ തുടങ്ങിയ തർക്കം പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയും മർദ്ദനത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പരാതിക്കാരൻ പൊലീസിനോട് പറഞ്ഞു.
യാതൊരുവിധ പ്രകോപനവുമില്ലാതെയാണ് പ്രതി തന്നെ മർദ്ദിച്ചതെന്ന് പരാതിക്കാരൻ ആരോപിച്ചു. ആക്രമണത്തിനിടെ താൻ ഒരു ബിജെപി എംഎൽഎയുടെ അടുത്ത അനുയായിയാണെന്ന് പ്രതി സ്വയം പരിചയപ്പെടുത്തിയതായും, സംഭവത്തിൽ നിയമനടപടികളുമായി മുന്നോട്ട് പോയാൽ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പരാതിയിൽ പറയുന്നു.
നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള അഭിഷേക് ദത്തയെ പൊലീസ് വിശദമായി ചോദ്യം ചെയ്തുവരികയാണ്. പ്രാഥമിക ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും . സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ടെത്തുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ മേൽനടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |