ചണ്ഡീഗഢ്: വിവാഹം കഴിഞ്ഞ് മൂന്നുമാസത്തിന് ശേഷം ഭാര്യയെ കൊലപ്പെടുത്തി നേപ്പാളിലേയ്ക്ക് കടന്ന യുവാവും കാമുകിയും പിടിയിൽ. മാനേസർ സ്വദേശിയായ അങ്കിത് (25), കാമുകി രജനി ദേവി (38) എന്നിവരാണ് അറസ്റ്റിലായത്. ഹരിയാനയിലെ ഗുരുഗ്രാമിൽ മേയ് 21നാണ് കൊലപാതകം നടന്നത്.
ആസൂത്രണം ചെയ്തത് പ്രകാരം അങ്കിത് ഭാര്യയെ കാമുകി രജനി താമസിച്ചിരുന്ന വാടകമുറിയിൽ എത്തിയ്ക്കുകയും അവിടെവച്ച് കയ്യിൽ കരുതിയിരുന്ന തോക്ക് ഉപയോഗിച്ച് വെടിവച്ച് കൊലപ്പെടുത്തുകയുമായിരുന്നു. മകളുടെ യാതൊരു വിവരവുമില്ലാതെ വന്നതോടെ യുവതിയുടെ കുടുംബം അങ്കിതിന്റെ കുടുംബവുമായി ബന്ധപ്പെട്ടെങ്കിലും കൃത്യമായ മറുപടി ലഭിച്ചില്ല. ഇതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മേയ് 22ന് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊലപാതകത്തിന് പിന്നിൽ ഭർത്താവും കാമുകിയുമാണെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. കൊലപാതകത്തിന് പിന്നാലെ ഹരിദ്വാർ വഴി നേപ്പാളിലേയ്ക്ക് രക്ഷപ്പെട്ട പ്രതികൾക്കായി അന്വേഷണം ശക്തമാക്കിയിരുന്നു. ഒരുമാസത്തിന് ശേഷം ജൂൺ 30ന് ഇവർ തിരിച്ച് ഇന്ത്യയിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
2026 ഫെബ്രുവരിയിലായിരുന്നു അങ്കിതും യുവതിയും വിവാഹിതരായത്. മൂന്നുവർഷമായി പ്രദേശത്ത് ബ്യൂട്ടിപാർലർ ജീവനക്കാരിയായ രജനി ദേവിയുമായി അങ്കിത് പ്രണയത്തിലായിരുന്നുവെന്നാണ് വിവരം. വിവാഹം കഴിഞ്ഞതുമുതൽ ഭാര്യയെ കൊലപ്പെടുത്താൻ ഇരുവരും പദ്ധതിയിട്ടിരുന്നതായും രണ്ടുമാസം മുൻപ് തന്നെ അങ്കിത് ഉത്തർപ്രദേശിൽ നിന്നും തോക്ക് സംഘടിപ്പിച്ചതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |