
തൊടുപുഴ: ഹോസ്റ്റലിലെ ലഹരി ഉപയോഗം അദ്ധ്യാപകരെ അറിയിച്ചതിന് വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനമേറ്റ കേസിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പിറവം കല്ലുമാരിയിൽ വീട്ടിൽ അക്ഷയ് സജു (18), അമ്പലവയൽ നെച്ചിക്കാട്ടുകുഴി വീട്ടിൽ ഗൗതം കൃഷ്ണ (18) എന്നിവരെയാണ് പിടികൂടിയത്.
18നും 21നും ഇടയിൽ പ്രായമുള്ള പ്രതികളെ പാർപ്പിക്കുന്ന തൃക്കാക്കര ബോർസ്റ്റൽ സ്‌കൂളിൽ ഇവരെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ഗൗതമിനും അക്ഷയ്ക്കുമെതിരെ ആദ്യഘട്ടത്തിൽ പൊലീസ് കേസെടുത്തിരുന്നില്ല. എന്നാൽ, ഇവരും അക്രമത്തിൽ പങ്കാളികളാണെന്ന് പിന്നീട് ആരോപണം ഉയർന്നതോടെയാണ് വ്യാഴാഴ്ച പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.
മണിക്കൂറുകളോളം ചോദ്യം ചെയ്തതിൽ നിന്ന് അക്രമത്തിൽ ഇവരും പങ്കാളികളാണെന്ന് മനസ്സിലാക്കിയതോടെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിലെ പ്രായപൂർത്തിയാകാത്ത കുറ്റാരോപിതനെ പൊലീസ് കോട്ടയം തിരുവഞ്ചൂരിലെ ജുവനൈൽ ഹോമിലാക്കി. നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത ഈ കുട്ടിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിൽ ഹാജരാക്കിയിരുന്നെങ്കിലും മാതാപിതാക്കൾക്കൊപ്പം വിട്ടയച്ചിരുന്നു. പൊലീസിന്റെ നിർദ്ദേശപ്രകാരം വെള്ളിയാഴ്ച വീണ്ടും ഹാജരായപ്പോൾ ജുവനൈൽ ഹോമിലേക്ക് അയയ്ക്കുകയായിരുന്നു. കേസിന്റെ ഗൗരവവും കുറ്റാരോപിതൻ നടത്തിയ ക്രൂരതയും പരിഗണിച്ചാണ് നടപടി.
പ്രായപൂർത്തിയാകാത്ത കുറ്റാരോപിതനെ മുതിർന്നയാളായി പരിഗണിച്ച് അന്വേഷണം നടത്താൻ അനുമതി ആവശ്യപ്പെടാൻ പൊലീസ് ആലോചിക്കുന്നുണ്ട്. പ്രായം പരിഗണിക്കാത്തത്രയും ക്രൂരതയാണ് വിദ്യാർഥി, കുറ്റാരോപിതനിൽ നിന്ന് നേരിട്ടതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ജുവനൈൽ ജസ്റ്റിസ് ബോർഡും കോടതിയുമാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്.
ആദ്യം ജുവനൈൽ ജസ്റ്റിസ് ബോർഡ് വിട്ടയച്ചപ്പോൾ കുറ്റാരോപിതൻ, പരിക്കേറ്റ വിദ്യാർത്ഥിക്ക് ഇൻസ്റ്റഗ്രാമിൽ 'ഡാ.. ഇപ്പോ എങ്ങനെയുണ്ട് " എന്ന സന്ദേശം വെല്ലുവിളിയുടെ സ്വരത്തിലുള്ളതാണെന്നതും പരിഗണിച്ചു. പ്രായപൂർത്തിയാകാത്തയാൾ, പരിക്കേറ്റ വിദ്യാർത്ഥിയുടെ വൃഷണഭാഗത്ത് സ്പർശിക്കുന്നത് കണ്ടുവെന്ന് ഗൗതമും അക്ഷയും മൊഴി നൽകിയിട്ടുണ്ട്. അതേസമയം, തങ്ങൾ വിദ്യാർത്ഥിയെ മർദിച്ചിട്ടില്ലെന്നാണ് ഇരുവരും മൊഴി നൽകിയിട്ടുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |