കൊച്ചി: ഹൗറയിൽ നിന്ന് എറണാകുളത്തേക്ക് വന്ന അന്ത്യോദയാ എക്സ്‌പ്രസ് ട്രെയിനിൽ കഞ്ചാവ് കടത്തിയ ഒഡീഷ സ്വദേശികളെ കൊച്ചി സിറ്റി ഡാൻസാഫ് അറസ്റ്റ് ചെയ്തു. ആറര മണിക്കൂർ വൈകി എറണാകുളം ജംഗ്ഷൻ സ്റ്റേഷനിലെത്തിയ ട്രെയിനിൽ നിന്ന് കഞ്ചാവുമായി കിഴക്കേ പ്രവേശന കവാടത്തിലൂടെ സൗത്ത് മേൽപ്പാല ഭാഗത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് പിടിയിലായത്. ഇവർക്കൊപ്പം ട്രെയിനിൽ ഉണ്ടായിരുന്ന മുഖ്യ ഏജന്റ് രക്ഷപ്പെട്ടതായി സൂചന.
ഒഡീഷയിലെ ഗഞ്ചാം ബോരസിംഗി സ്വദേശി ഹിമാൻഷു നായിക് (26), ഗഞ്ചാം സിംഗിപൂര് സ്വദേശി ആദി നായിക് (20) എന്നിവരാണ് ഓപ്പറേഷൻ തൂഫാനിൽ കുടുങ്ങിയത്. ഇവരുടെ കൈവശമുണ്ടായിരുന്ന ഷോൾഡർ ബാഗുകളിൽ നിന്ന് 12.232 കിലോ കഞ്ചാവ് കണ്ടെടുത്തു. ഇന്നലെ പുലർച്ചെ 3.30ന് സ്റ്റേഷനിൽ എത്തേണ്ടിയിരുന്ന ട്രെയിൻ രാവിലെ 10നാണ് എത്തിയത്. തുടർന്ന് 10.30ഓടെ സ്റ്റേഷന് പുറത്തിറങ്ങി കർഷക റോഡിലൂടെ നീങ്ങുന്നതിനിടെയാണ് നാർക്കോട്ടിക് സെൽ എ.സി.പി സുനിൽകുമാറിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുത്തത്.
കഞ്ചാവ് കടത്ത് 15,000 രൂപ 'ഓഫറി"ൽ
നാട്ടുകാരനായ ശരത്ത് എന്നയാൾക്കൊപ്പമാണ് കഞ്ചാവുമായി ഹൗറ - എറണാകുളം അന്ത്യോദയ എക്സ്‌പ്രസിൽ കേരളത്തിലേക്ക് വന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി. നേരത്തെ കുണ്ടന്നൂരും തോപ്പുംപടിയിലും നിർമ്മാണ തൊഴിലാളികളായിരുന്ന ഇരുവരും ഒഡീഷയിൽ തിരിച്ചെത്തി കൃഷിപ്പണി ചെയ്ത് ജീവിക്കുകയായിരുന്നു. കൊച്ചിയിൽ സുരക്ഷിതമായി കഞ്ചാവ് എത്തിച്ചു കൊടുത്താൽ 15,000 രൂപ വീതമാണ് ശരത്ത് വാഗ്ദാനം ചെയ്തത്. ഈ തുക മോഹിച്ചാണ് കഞ്ചാവ് കടത്തിന് ഇറങ്ങിയത്. ശരത്ത് ട്രെയിനിലെ മറ്റൊരു കോച്ചിൽ ഉണ്ടായിരുന്നതായും ഇവർ പറയുന്നു. പ്രതികളെ കഞ്ചാവ് സഹിതം കടവന്ത്ര പൊലീസിന് കൈമാറി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |