
കൊച്ചി: ചേരാനല്ലൂർ സിഗ്നൽ ജംഗ്ഷന് സമീപം അന്യസംസ്ഥാനക്കാരെ ബന്ദികളാക്കി കവർച്ച നടത്തിയ കേസിൽ മലയാളി യുവാവിനെ കൊച്ചി സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് മാസമായി ഒളിവിലായിരുന്ന വയനാട് താമരശേരി പെരുമ്പിള്ളി വയനാടൻകുന്ന് മേനിക്കാട് പുരയിൽ വിബിൻലാൽ (36) ആണ് ചേരാനെല്ലൂർ പൊലീസിന്റെ പിടിയിലായത്. കാസർകോട് ജില്ലയിലെ കാഞ്ഞങ്ങാട് നിന്ന് സി.ഐ ശ്യാംകുമാർ, എസ്.എച്ച്.ഒ വിശ്വജിത്ത് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്.
കേസിൽ ആദ്യം അറസ്റ്റിലായ പശ്ചിമബംഗാൾ ഡാർജലിംഗ് സ്വദേശി അബ്ദുൾ റഹീമിന്റെ കൂട്ടാളിയാണ് ഇയാൾ. ബന്ദികളാക്കപ്പെട്ട യുവാക്കളെ വാടകവീട്ടിൽ കെട്ടിയിടാനും ഭീഷണിപ്പെടുത്താനും അബ്ദുൾ റഹീമിനെ സഹായിച്ചവരുടെ കൂട്ടത്തിൽ വിബിൻലാൽ ഉൾപ്പെടും. അബ്ദുൾ റഹീം ഹോസ്റ്റൽ നടത്തിയിരുന്നപ്പോൾ പാചകത്തൊഴിലാളിയായും ജോലി ചെയ്തിട്ടുണ്ട്. സംഭവത്തിന് ശേഷം എറണാകുളത്ത് നിന്നു കടന്ന പ്രതി കർണാടകയിലും കേരളത്തിലും ഒളിവിലായിരുന്നു. സൈബർ നിരീക്ഷണത്തിലൂടെയാണ് ഇപ്പോഴത്തെ വാസസ്ഥലം പൊലീസ് കണ്ടെത്തിയത്.
കാനഡയിൽ ജോലി തരപ്പെടുത്താമെന്ന് വാഗ്ദാനം നൽകി പഞ്ചാബ്, ഹരിയാന, മദ്ധ്യപ്രദേശ്, കർണാടക സ്വദേശികളായ 7 യുവാക്കളെയാണ് ബന്ദികളാക്കി പണം തട്ടിയെടുത്തത്. കത്തി കാട്ടി ഭീഷണിപ്പെടുത്തിയും മർദ്ദിച്ചും കൈവശമുള്ള പണവും മൊബൈലുകളും അപഹരിച്ച പ്രതികൾ, ബന്ദികളാക്കപ്പെട്ടവർ കാനഡയിലാണെന്ന തരത്തിൽ വ്യാജ വീഡിയോ ചിത്രീകരിച്ച് ബന്ധുക്കളിൽ നിന്ന് കൂടുതൽ പണം തട്ടിയെടുത്തു. ബന്ദികളിൽ ഒരാൾ രക്ഷപ്പെട്ട് നാട്ടുകാരുടെ സഹായത്തോടെ പൊലീസ് സ്റ്റേഷനിൽ എത്തിയതോടെയാണ് സംഭവം പുറത്തായത്. കേസിൽ ആര്യൻ, തസ്‌വീർ, ജോസഫ് എന്നിവരുൾപ്പെടെ 5 പ്രതികൾ കൂടി പിടിയിലാകാനുണ്ട്.
വിബിൻലാലിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |