
കൊച്ചി: വധശ്രമക്കേസിൽ രണ്ട് മാസമായി ഒളിവിലായിരുന്ന പ്രതി ഇതേ കേസിലെ കൂട്ടുപ്രതി ജീവനൊടുക്കിയതറിഞ്ഞ് മോർച്ചറി പരിസരത്ത് എത്തിയപ്പോൾ അറസ്റ്റിലായി. മട്ടാഞ്ചേരി ന്യൂറോഡ് പനച്ചിക്കൽ പറമ്പിൽ എം.എൻ. നിഹാലാണ് (22) എളമക്കര പൊലീസിന്റെ തന്ത്രപരമായ നീക്കങ്ങളിൽ പിടിയിലായത്.
ഇടപ്പള്ളി കുന്നുംപുറം ഗ്രീൻ മാംഗോ കഫേ പരിസരത്ത് യുവാവിനെ അടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ മുഖ്യപ്രതിയാണ് ഇയാൾ. കേസിൽ നേരത്തേ അറസ്റ്റിലായി ജാമ്യത്തിൽ ഇറങ്ങിയ രണ്ടാംപ്രതി കാസർകോഡ് ബേക്കൽക്കുന്ന് കാട്ടൂർമൂലയിൽ മുസ്താക്കാണ് (26) തൂങ്ങിമരിച്ചത്. പാലാരിവട്ടം എസ്.എൻ ജംഗ്ഷന് സമീപത്തെ ഒരു ഹോട്ടൽമുറിയിൽ ഞായറാഴ്ച പുലർച്ചെയാണ് ഫാനിൽ കെട്ടിത്തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യാ പ്രവണത പ്രകടിപ്പിച്ചിരുന്ന കുറ്റവാളിയായിരുന്നു ഇയാൾ.
എറണാകുളം ജനറൽ ആശുപത്രിയിൽ ഇന്നലെ പകലായിരുന്നു പോസ്റ്റ്മോർട്ടം. കൂട്ടുകാരൻ മരിച്ച വിവരമറിഞ്ഞ് നിഹാൽ എത്തിയേക്കുമെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് ആശുപത്രി പരിസരത്ത് മഫ്തിയിൽ പൊലീസ് സംഘം നിലയുറപ്പിച്ചിരുന്നു. ഇന്നലെ രാവിലെ മോർച്ചറി പരിസരത്ത് നിന്നാണ് കസ്റ്റഡിയിലെടുത്തത്. വൈകിട്ടോടെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൂട്ടുകാരിയെ വഴക്കുപറഞ്ഞത് പ്രകോപനം
പാലക്കാട് കോങ്ങാട് സ്വദേശി അർജുനനാണ് (26) ജൂൺ 22ന് രാത്രി ക്രൂരമർദ്ദനമേറ്റത്. ഇതിന് തലേദിവസം മുസ്താക്കിന്റെയും നിഹാലിന്റെയും കൂട്ടുകാരി സഫയും മറ്റ് ചില യുവതികളും തമ്മിൽ കല്യാണസ്ഥലത്തുണ്ടായ ഏറ്റുമുട്ടലിനിടെ ഇരുകൂട്ടരെയും അർജുൻ പിന്തിരിപ്പിച്ചിച്ചിരുന്നു.
ഇതിനിടെ സഫയെ പിടിച്ചു മാറ്റിയതും വഴക്കുപറഞ്ഞതുമാണ് പ്രതികളെ പ്രകോപിപ്പിച്ചത്. കുന്നുംപുറത്തെ ഹോട്ടൽ പരിസരത്തെ പാലത്തിന് സമീപത്തേക്ക് സഫ തന്നെയാണ് അർജുനനെ അടുത്തദിവസം രാത്രി വിളിച്ചു വരുത്തിയത്. തുടർന്ന് അസഭ്യം പറയുകയും മറ്റ് പ്രതികളെ വിളിച്ചു വരുത്തുകയും ചെയ്തു.
മുത്തുകൾ പതിപ്പിച്ച ബെൽറ്റ് ഉപയോഗിച്ച് നിഹാലാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. അർജുനന്റെ മുഖം ചുമരുകളിലും ഇടിച്ചു പരിക്കേൽപ്പിച്ചു. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും കത്തിയെടുത്ത് വീശുകയും ചെയ്തു. മുസ്താക്കും ആക്രമണത്തിൽ സജീവമായി പങ്കെടുത്തു. മുഖത്തടിക്കുകയും അർജുനനെ തടഞ്ഞു വെയ്ക്കുകയും ചെയ്തു. കേസിൽ സഫയ്ക്ക് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. അഫ്രീദി, മുസ്താഖ് എന്നിവർ പിടിയിലായിരുന്നു. അറസ്റ്റിലായ നിഹാൽ സിനിമയിലെ ജൂനിയർ ആർട്ടിസ്റ്റാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |