
മുണ്ടക്കയം: ബാങ്ക് ഇടപാടുകളിൽ സഹായിക്കാമെന്ന വ്യാജേന എത്തി വൃദ്ധയുടെ അക്കൗണ്ടിൽ നിന്നും 1,70,000 രൂപ കവർന്ന കേസിൽ പ്രതി പിടിയിൽ. കൂട്ടിക്കൽ ചപ്പാത്ത് സ്വദേശി ജ്യോതി കൃഷ്ണ (36) ആണ് മുണ്ടക്കയം പൊലീസിന്റെ പിടിയിലായത്. മുണ്ടക്കയം മുറിക്കല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ പണമാണ് തട്ടിയെടുത്തത്. കഴിഞ്ഞ സെപ്‌തംബറിലാണ് കേസിനാസ്പദമായ സംഭവം. ടി.ആർ. ആന്റ് ടി. എസ്റ്റേറ്റിൽ നിന്നും വിരമിച്ച ലതയ്ക്ക് ഗ്രാറ്റിവിറ്റി തുക ചെക്കായി ലഭിക്കുകയും, ഇത് മാറുന്നതിനായി ബാങ്കിൽ എത്തുകയും ചെയ്തിരുന്നു. ഈസമയം ബാങ്കിൽ ഉണ്ടായിരുന്ന ജ്യോതി കൃഷ്ണ, ലതയെ സഹായിക്കാനെന്ന പേരിൽ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയാക്കി നൽകി.
പിറ്റേദിവസം തുക അക്കൗണ്ടിൽ എത്തിയിട്ടുണ്ടെന്ന് പറഞ്ഞ് ലതയെ വീണ്ടും ബാങ്കിലേക്ക് വരുത്തി, ജ്യോതിയും ഇവിടെയെത്തി. തുടർന്ന് പാസ്ബുക്ക് അപ്ഡേറ്റ് ചെയ്ത ശേഷം മറ്റ് വിത്ത്ഡ്രോവൽ ഫോമുകളിൽ കൂടി ജ്യോതി ഒപ്പിട്ടു വാങ്ങി ലതയുടെ അക്കൗണ്ടിലുണ്ടായിരുന്ന പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നു.
കുറച്ചുദിവസങ്ങൾക്ക് ശേഷം അക്കൗണ്ടിൽ പണമില്ലെന്ന് മനസിലായതിനെ തുടർന്ന് ലത പോലീസിൽ പരാതി നൽകി. പിന്നാലെ ഒളിവിൽ പോയ ജ്യോതിയെ പൊലീസ് പിടികൂടുകയായിരുന്നു, പ്രതിയെ റിമാൻഡ് ചെയ്തു,
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |