
വിഴിഞ്ഞം: കോവളം ബൈപ്പാസിൽ പുള്ളിമാൻ തോലുമായി രണ്ട് യുവാക്കൾ അറസ്റ്റിലായി. വള്ളക്കടവ് കാരാളി സ്വദേശി ജിത്തു എന്ന ഗോകുൽ(31),വെങ്ങാനൂർ ചരുവിളയിൽ അനന്തുഭവനിൽ അനന്തു(23)എന്നിവരാണ് അറസ്റ്റിലായതെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു.
കോവളം ബൈപ്പാസിൽ കോവളം പോറോട് പാലത്തിന് സമീപം കല്ലുവെട്ടാൻകുഴി സർവീസ് റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് തെന്നിവീണ സ്കൂട്ടറിൽ നിന്നു തെറിച്ചുവീണ തോൽ ഫോറസ്റ്റ് അധികൃതർ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചാണ് യഥാർത്ഥ മാനിന്റെ തോലാണെന്ന് സ്ഥിരീകരിച്ചതെന്ന് പരുത്തിപ്പള്ളി റേഞ്ച് ഓഫിസർ വി.വിപിൻ ചന്ദ്രൻ അറിയിച്ചു. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ രണ്ടിൽപെട്ടതാണ് പുള്ളിമാനെന്നു അദ്ദേഹം പറഞ്ഞു. മാൻതോൽ കൈവശം സൂക്ഷിക്കുന്നതും വില്പന നടത്തുന്നതും ഏഴുവർഷം വരെ തടവും പിഴയും കിട്ടാവുന്ന കുറ്റകൃത്യമാണെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു.
18ന് കല്ലുവെട്ടാൻകുഴിക്കു സമീപം ഗോകുൽ സഞ്ചരിച്ച സ്കൂട്ടർ അപകടത്തിൽപ്പെട്ടതോടെയാണ് സീറ്റിനടിയിൽ നിന്നു മാൻതോൽ റോഡിലേക്ക് വീണത്. നാട്ടുകാർ തടഞ്ഞുവച്ചതിനിടെ പൊലീസെത്തി. വാഹനം ഓടിച്ചയാൾ സ്ഥലത്തു നിന്നു ഓടി രക്ഷപ്പെടുകയും ചെയ്തു. ആശുപത്രിയിലായ ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഗോകുലിന്റെ സുഹൃത്തും വാഹന ഉടമയുമായ അനന്തുവിനെ ചോദ്യം ചെയ്തപ്പോൾ ജഗതിയിലെ ഒരു വീട്ടിൽ നിന്ന് വീട്ടുപകരണങ്ങൾ മാറ്റാൻ പോയപ്പോൾ കണ്ട മാൻതോൽ സൂക്ഷിച്ചതെന്ന് റേഞ്ച് ഓഫിസർ പറഞ്ഞു. കേസിൽ കൂടുതൽ പ്രതികളുണ്ടോ എന്നു അന്വേഷിക്കുകയാണെന്നും അറിയിച്ചു. പ്രതികളെ റിമാൻഡ് ചെയ്തു. റേഞ്ച് ഓഫിസറെ കൂടാതെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ പ്രദീപ്,ജിജിമോൻ, ബി.എഫ് ഒമാരായ വിഷ്ണു,രമ്യ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.
ഫോട്ടോ: മാൻതോലുമായി ഗോകുൽ, അനന്തു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |