കൊച്ചി: ലോൺ ആപ്പ് വഴി വായ്പയെടുക്കാൻ ശ്രമിച്ച യുവാവ് സൈബർതട്ടിപ്പ് കേസിൽ പിടിയിലായി. അറസ്റ്റ് ചെയ്യാൻ പൊലീസ് വീട്ടിലെത്തിയപ്പോഴാണ് സൈബർതട്ടിപ്പ് കേസിൽ പ്രതിയാണ് താനെന്ന കാര്യം യുവാവ് അറിയുന്നത്. വായ്പ തരപ്പെടുത്താൻ ലോൺ ആപ്പിലൂടെ യുവാവ് കൈമാറിയ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങളാണ് വിനയായത്. സൈബർതട്ടിപ്പുകാർ ഈ അക്കൗണ്ട് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കേസിൽ പ്രതിയായത്.
കോട്ടയം പാല അരുണാപുരം സ്വദേശി ടി.ഡി ശ്രീനാഥിനെയാണ് (36) അമ്പലമേട് പൊലീസ് പാലയിൽ നിന്ന് ഇന്നലെ പിടികൂടിയത്. തയ്യൽക്കട നടത്തിയിരുന്ന ഇയാൾ ഒരു കൊല്ലം മുമ്പ് നാട്ടിൽ തുന്നൽസാധനങ്ങൾ വിൽക്കുന്ന കട തുടങ്ങി. ബിസിനസ് വിപുലീകരണത്തിന്റെ ഭാഗമായി ഒരു കട കൂടി തുറന്നതോടെ സാമ്പത്തിക ബാദ്ധ്യതയുണ്ടായി. തുടർന്നാണ് ലോൺ ആപ്പ് മുഖേന വായ്പ തരപ്പെടുത്താൻ ശ്രമിച്ചത്. ഇതിനായി ലോൺ ആപ്പിൽ ബാങ്ക് അക്കൗണ്ടും പാൻ നമ്പരും മറ്റും അപ്‌ലോഡ് ചെയ്തു. ഈ അക്കൗണ്ടാണ് സൈബർതട്ടിപ്പ് സംഘം ഉപയോഗിച്ച മ്യൂൾ അക്കൗണ്ടുകളിൽ ഒരെണ്ണം.
അക്കൗണ്ടിൽ എത്തിയത് ഒരു ലക്ഷം
ബിസിനസുകാരൻ കുന്നത്തുനാട് പെരിങ്ങാല ഇരുപ്പക്കോട്ടിൽ വീട്ടിൽ മുഹമ്മദ് അഷറഫിൽ നിന്ന് സൈബർകുറ്റവാളികൾ തട്ടിയെടുത്ത 57.72 ലക്ഷം രൂപയിൽ ഒരു ലക്ഷം രൂപയാണ് ശ്രീനാഥിന്റെ ബാങ്ക് അക്കൗണ്ടിൽ എത്തിയത്. കഴിഞ്ഞ ജനുവരിയിൽ ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട വിക്രം എന്നയാളാണ് മുഹമ്മദ് അഷറഫിനെ ചതിക്കുഴിയിൽ വീഴ്ത്തിയത്. ഗോൾഡിലും ഓയിൽക്രൂഡിലും ട്രേഡ് ചെയ്താൽ വലിയ ലാഭം കൊയ്യാമെന്ന് വിക്രം വിശ്വസിപ്പിച്ചു. മലയാളത്തിലായിരുന്നു ആശയവിനിമയം. വിക്രം അയച്ചുകൊടുത്ത ലിങ്കിൽ ക്ലിക്ക് ചെയ്തതോടെ എത്തിച്ചേർന്ന വാട്സാപ്പ് നമ്പരിലായിരുന്നു പിന്നീടുള്ള ഇടപാട്. ജനുവരി 20 മുതൽ ഏപ്രിൽ 13 വരെ കാലയളവിൽ പലപ്പോഴായിട്ടാണ് 57.72 ലക്ഷം മുഹമ്മദ് അഷറഫ് കൈമാറിയത്.
ലോൺ ആപ്പ് വ്യാജം
ശ്രീനാഥിനെ കുടുക്കിയ ലോൺ ആപ്പ് വ്യാജമാണെന്ന് പൊലീസ് പറഞ്ഞു. ആപ്പിനെതിരെ പാല പൊലീസ് സ്റ്റേഷനിൽ ശ്രീനാഥ് നൽകിയ പരാതിയിൽ കേസെടുത്തിട്ടുണ്ട്. പണം കൈമാറാൻ സൈബർതട്ടിപ്പ് സംഘം വില കൊടുത്തും പ്രതിഫലം നൽകിയും അക്കൗണ്ട് ഉടമകളിൽ നിന്ന് തരപ്പെടുത്തുന്ന ബാങ്ക് അക്കൗണ്ടുകളെയാണ് മ്യൂൾ അക്കൗണ്ടുകൾ എന്ന് വിളിക്കുന്നത്. മ്യൂൾ അക്കൗണ്ട് ഉടമകളെ പൊലീസ് അറസ്റ്റ് ചെയ്ത് തുടങ്ങിയതോടെ ആളുകൾ അക്കൗണ്ട് വിശദാംശങ്ങൾ കൈമാറാൻ വിസമ്മതിച്ചു തുടങ്ങി. ഇതോടെയാണ് ലോൺ ആപ്പ് ഉപയോഗിച്ച് അക്കൗണ്ട് നമ്പരുകൾ തരപ്പെടുത്തുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |