SignIn
Kerala Kaumudi Online
Wednesday, 30 September 2026 2.50 AM IST

കോതമംഗലത്ത് വീട്ടമ്മയെ ഭർത്താവ് കുത്തിക്കൊന്നു

kunjamma

കോതമംഗലം: കുത്തുകുഴി മാരമംഗലത്ത് പുല്ലാന്തിക്കാടൻ വീട്ടിൽ കുഞ്ഞമ്മ (61) ഭർത്താവിന്റെ കുത്തേറ്റ് മരിച്ചു. ഭർത്താവ് കുര്യാക്കോസിനെ (66) കോതമംഗലം പൊലീസ് വീട്ടിൽ നിന്ന് അറസ്റ്റ് ചെയ്തു. ഇന്നലെ പുലർച്ചെയാണ് സംഭവം. ഭാര്യയെ കൊലപ്പെടുത്തിയതായി വിദേശത്തുള്ള മകൻ ബേസിലിനെ കുര്യാക്കോസ് തന്നെയാണ് വിളിച്ചറിയിച്ചത്. താൻ ജീവനൊടുക്കുകയാണെന്ന സൂചനയും കുര്യാക്കോസ് മകന് നൽകിയിരുന്നു.

ഒരു മാസം മുമ്പ് ബൈപ്പാസ് ഹൃദയ ശസ്ത്രക്രിയയ്‌ക്ക് വിധേയനായ കുര്യാക്കോസ് വീട്ടിൽ വിശ്രമത്തിലായിരുന്നു. ഡോക്ടർമാരുടെ നിർദ്ദേശമുള്ളതിനാൽ പുറത്തിറങ്ങുകയോ സന്ദർശകരെ സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. ഭാര്യയ്‌ക്ക് മറ്റാരോ ആയി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു.

ബേസിൽ അറിയിച്ചതുപ്രകാരം അയൽവാസികൾ വീട്ടിലെത്തിയപ്പോഴാണ് കൊലപാതകം പുറംലോകം അറിഞ്ഞത്. പൊലീസ് എത്തുമ്പോൾ കുര്യാക്കോസ് വീട്ടിലുണ്ടായിരുന്നു. അടുക്കളഭാഗത്തായിരുന്നു മൃതദേഹം. കൊലപ്പെടുത്തിയ ശേഷം ഇവിടേക്ക് നീക്കിയിടുകയായിരുന്നു. ശരീരത്തിൽ ആഴത്തിലുള്ള നിരവധി കുത്തുകളേറ്റിട്ടുണ്ട്. കുത്താൻ ഉപയോഗിച്ച സ്റ്റീൽ കത്തി വീടിനുള്ളിൽ നിന്ന് കണ്ടെടുത്തു. ഇരുവരും തമ്മിൽ മൽപ്പിടിത്തം നടന്നതിന്റെ സൂചനകളുമുണ്ട്.

കുര്യാക്കോസിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ആവശ്യമെങ്കിൽ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.

കുഞ്ഞമ്മയുടെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി മോർച്ചറിയിലേക്ക് മാറ്റി. സംസ്‌കാരം നാളെ കോതമംഗലം മാർതോമാ ചെറിയപള്ളി സെമിത്തേരിയിൽ. മക്കൾ: ബേസിൽ (ഓസ്‌ട്രേലിയ),മെറിൻ (അയർലൻഡ്). മരുമക്കൾ: ദീപ്തി, ജീവൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY