കിഴക്കമ്പലം: കാർഷിക ആവശ്യത്തിനുള്ള യൂറിയ അനധികൃതമായി കടത്തിക്കൊണ്ടുപോകാനുള്ള ശ്രമം കുന്നത്തുനാട് പൊലീസ് തടഞ്ഞു. രേഖകളോ അനുമതിപത്രങ്ങളോ ഇല്ലാതെ കടത്താൻ ശ്രമിച്ച 39 ചാക്ക് യൂറിയയും മിനിലോറിയും പിടികൂടി. നാലുപേർക്കെതിരെ കേസെടുത്തു.
വെസ്റ്റ് വെങ്ങോല മുടങ്ങരപ്പുറം കീപ്പത്ത് വീട്ടിൽ അബ്ദുൽ ലത്തീഫ് (35), അസാം നൗഗാവ് സ്വദേശി ജൂബൈജുൽ റഹ്‌മാൻ (27), ചൂരക്കോട് ചെമ്മലക്കുടി തച്ചയിൽ വീട്ടിൽ മാഹിൻ അബൂബക്കർ, ചേലക്കുളം സ്വദേശി സിയാദ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
ചൊവ്വാഴ്ച പുലർച്ചെ 1.10ന് പട്ടിമറ്റം ചൂരക്കോടുള്ള ഷെഡിൽ നിന്നാണ് യൂറിയ പിടികൂടിയത്. മാഹിൻ അബൂബക്കറുടെ ഉടമസ്ഥതയിലുള്ള, പ്രവർത്തനം നിറുത്തിവച്ച ക്രഷർ യൂണിറ്റിനോട് ചേർന്ന് താത്കാലികമായി നിർമ്മിച്ച ഷെഡിൽനിന്ന് ലോറിയിൽ യൂറിയ കയറ്റുന്നതിനിടെയാണ് പൊലീസ് എത്തിയത്.
രഹസ്യവിവരത്തെ തുടർന്നായിരുന്നു കുന്നത്തുനാട് എസ്.ഐ എം. അഭിജിത്തിന്റെ നേതൃത്വത്തിലുള്ള പരിശോധന. വാഹനത്തിലുണ്ടായിരുന്നവരെ ചോദ്യം ചെയ്തപ്പോൾ ചേലക്കുളം സ്വദേശി സിയാദിന്റെ നിർദ്ദേശപ്രകാരമാണ് യൂറിയ കൊണ്ടുപോകുന്നതെന്ന് പറഞ്ഞു. വളം സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ആവശ്യമായ രേഖകളോ ലൈസൻസോ ഹാജരാക്കാൻ ഇവർക്ക് കഴിഞ്ഞില്ല. 3000 ചാക്ക് യൂറിയ ഗോഡൗണിൽ ഉണ്ടായിരുന്നു. ഗോഡൗൺ പൊലീസ് സീൽ ചെയ്തു. മിനി ലോറിയും അതിലുണ്ടായിരുന്ന യൂറിയയും കസ്റ്റഡിയിലെടുത്തു. വിശദ പരിശോധനയ്ക്കു ശേഷമേ ഗോഡൗണിൽ അവശേഷിക്കുന്ന യൂറിയ സംബന്ധിച്ച് കേസെടുക്കൂ.
അമിതലാഭം ലക്ഷ്യമിട്ട് കാർഷിക ആവശ്യത്തിനുള്ള യൂറിയ മറിച്ചുവിൽക്കാൻ ശ്രമിച്ചതായാണ് പൊലീസ് സംശയിക്കുന്നത്. അവശ്യസാധന നിയന്ത്രണ നിയമവും ഫെർട്ടിലൈസർ കൺട്രോൾ ഓർഡറും പ്രകാരമാണ് കേസ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |