SignIn
Kerala Kaumudi Online
Sunday, 23 August 2026 9.15 PM IST

അതിരാവിലെ യുവതിയെ കിലോമീറ്ററുകൾ പിന്തുടർന്ന്  യുവാവ്, പൂജപ്പുര സ്റ്റേഷനിൽ വിളിച്ചപ്പോൾ ഫോണെടുക്കാൻ പോലും ആരുമില്ല,  സ്ത്രീസുരക്ഷയില്ലാതെ തലസ്ഥാന നഗരം 

jose-

തിരുവനന്തപുരം: രാവിലെ മകനെ ട്യൂഷൻ സെന്ററിലാക്കിയശേഷം സ്‌കൂട്ടറിൽ മടങ്ങുന്നതിനിടെ നഗരത്തിൽ ബ്യൂട്ടി പാർലർ ഉടമയും ശാസ്തമംഗലം സ്വദേശിനിയായ യുവതിയെ കിലോമീറ്ററുകൾ പിന്തുടർന്ന് അസഭ്യവർഷം നടത്തിയും അപമാനിക്കാനും ശ്രമിച്ച യുവാവിനെ പൂജപ്പുര പൊലീസ് പിടികൂടി. പൂജപ്പുര സ്വദേശി ജോസ് (30) ആണ് അറസ്റ്റിലായത്. പ്രഭാത സവാരിക്കിടെ മ്യൂസിയത്തും വഞ്ചിയൂരിലും സ്ത്രീകൾക്കു നേരെയുണ്ടായ അതിക്രമത്തിന്റെ ഞെട്ടൽ മാറുംമുമ്പെയാണ് ഈ സംഭവവും.

ഇന്നലെ രാവിലെ 5.45ന് യുവതി മകനെ തിരുമലയിലെ ട്യൂഷൻ സെന്ററിലാക്കി മടങ്ങവേയാണ് സ്‌കൂട്ടറിലെത്തിയ പ്രതിയുടെ അതിക്രമം. പൂജപ്പുര റോഡിലേക്ക് കടന്നതു മുതൽ ഇയാൾ പിന്തുടർന്നു. അല്പദൂരം പിന്നിട്ടതോടെ അസഭ്യം പറയാനും അപമാനിക്കാനും തുടങ്ങി. വാഹനം നിറുത്താനും ആവശ്യപ്പെട്ടു. വെള്ളയമ്പലത്ത് കെ.പി.സി.സി ഓഫീസിന് സമീപത്തെ ഹോട്ടലിന് മുന്നിൽ വച്ച് പ്രതി യുവതിയുടെ സ്‌കൂട്ടർ തടഞ്ഞ് വീണ്ടും അസഭ്യം പറഞ്ഞു. യുവതി ബഹളം വച്ചെങ്കിലും സമീപത്തുണ്ടായിരുന്നർ ആരും പ്രതികരിച്ചില്ല. തുടർന്ന് മൊബൈലിൽ ഭർത്താവിനോട് വിവരം പറയുന്നതിനിടെ പ്രതി രക്ഷപ്പെട്ടു.

പൂജപ്പുര സ്റ്റേഷനിൽ വിളിച്ചെങ്കിലും ഫോൺ എടുക്കാത്തതിനാൽ സിറ്റി പൊലീസ് കമ്മിഷണറെ വിവരമറിയിച്ചു. അദ്ദേഹം ഉടൻ പൂജപ്പുര സ്റ്റേഷനും കൺട്രോൾ റൂമിനും നിർദ്ദേശം നൽകി. സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് സ്‌കൂട്ടറിന്റെ നമ്പർ മനസിലാക്കി നടത്തിയ അന്വേഷണത്തിൽ പതിനൊന്ന് മണിയോടെ പ്രതിയെ ശാസ്തമംഗലത്തുനിന്ന് പൊലീസ് പിടികൂടി. അപമാനിക്കാൻ ശ്രമിച്ചതിന് ഇയാൾക്കെതിരെ മറ്റൊരു പെൺകുട്ടിയുടെ പരാതി നിലവിലുണ്ടെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, POOJAPPURA, POLICE STATION, TVM, WOMEN SAFETY, ARREST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY