
തൃശൂർ: തോളൂരിൽ വീട് കുത്തിത്തുറന്ന് വൻ സ്വർണക്കവർച്ച. നാലകത്ത് അബൂബക്കറിന്റെ മകൻ ഷക്കീറിന്റെ വീട്ടിൽനിന്ന് 47 പവൻ സ്വർണം കൊള്ളയടിച്ചു. മകളുടെ വിവാഹാവശ്യത്തിനായി സ്വരുക്കൂട്ടിയ സ്വർണമാണ് നഷ്ടപ്പെട്ടത്. പറപ്പൂരിൽ ഒലാല എന്ന പേരിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന ഷക്കീറും കുടുംബവും ഓണത്തിന്റെ തിരക്കിൽ കടയിലായിരുന്നു. വ്യാഴാഴ്ച്ച വൈകിട്ട് അഞ്ചിന് വീട് പൂട്ടിപ്പോയ ഇവർ ഇന്നലെ പുലർച്ചെ 1.30ന് തിരിച്ചെത്തിയപ്പോഴാണ് വിവരമറിഞ്ഞത്.
വീടിന്റെ പിന്നിലെ വാതിൽ കമ്പിപ്പാര ഉപയോഗിച്ച് തകർത്ത് അകത്തുകടന്ന മോഷ്ടാക്കൾ രണ്ടാംനിലയിൽ അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണമാണ് കവർന്നത്.
വീടിന്റെ സമീപത്തായി മദ്യക്കുപ്പിയും ഭക്ഷണത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിട്ടുണ്ട്. ഒക്‌ടോബറിലാണ് മകളുടെ വിവാഹം നടത്താൻ നിശ്ചയിച്ചിരുന്നത്. മറ്റൊരു മുറിയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ല. പേരമംഗലം എസ്.ഐ ബിബിൻ പി.നായരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പത്തംഗ അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |