
കുമിളി: ഭിന്നശേഷിക്കാരിയായ യുവതിക്കും മൂന്ന് വയസുള്ള കുഞ്ഞിനും നേരെ അയൽവാസികളുടെ ക്രൂരമായ ആക്രമണം. സംഭവത്തിൽ പരാതി നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും കേസെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് ആക്ഷേപം. കേൾവിയും സംസാര ശേഷിയുമില്ലാത്ത കൊല്ലം പട്ടട സ്വദേശിനി സബിതയ്ക്കും കുഞ്ഞിനുമാണ് മർദ്ദനമേറ്റത്. പ്രദേശവാസികളായ അച്ഛനും മകനുമെതിരെ രേഖാമൂലം പരാതി നൽകിയിട്ടും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ കുമിളി പൊലീസ് മടിക്കുന്നതായാണ് കുടുംബത്തിന്റെ പരാതി.
ആഗസ്റ്റ് 18, 19 തീയതികളിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 18ന് രാവിലെ കുഞ്ഞിനെ ഡേ കെയറിലാക്കാൻ പോയ സബിതയെ സുധീഷ് വടികൊണ്ട് അടിച്ചു പരിക്കേൽപ്പിച്ചു. തൊട്ടടുത്ത ദിവസം രാവിലെ ലാലനും സുധീഷും ചേർന്ന് കുഞ്ഞിന്റെ തലമുടിയിൽ പിടിച്ച് വലിക്കുകയും വടികൊണ്ട് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. തങ്ങളെ കൊന്നുകളയുമെന്ന് പ്രതികൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. ഭിന്നശേഷിക്കാരിയായ സ്ത്രീക്കും പിഞ്ചുകുഞ്ഞിനും നേരെ ഗുരുതരമായ അതിക്രമം നടന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്ന് കുടുംബം ആരോപിച്ചു. 2018ലും ഇവർ സമാനമായ രീതിയിൽ ആക്രമണം നടത്തിയിട്ടുണ്ടെന്നും കുടുംബം വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |