SignIn
Kerala Kaumudi Online
Wednesday, 10 June 2026 5.38 PM IST

ദിലീപിനെയും മഞ്ജുവിനെയും വച്ച് സിനിമ ചെയ്യാമെന്ന് ആലോചിച്ചു, ഇരുവരെയും വിളിച്ചു; ദിലീപ് നൽകിയ മറുപടിയെക്കുറിച്ച് വെളിപ്പെടുത്തലുമായി കമൽ

READ ENGLISH VERSION

കമലിന്റെ സംവിധാന സഹായിയായി സിനിമയിലെത്തിയ ആളാണ് ദിലീപ്. ഇരുവരും തമ്മിലുള്ള ആത്മബന്ധവും മലയാളികൾക്കറിയാം. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ ദിലീപിനെയും മഞ്ജുവാര്യരെയും കുറിച്ചും ഈ പുഴയും കടന്നെന്ന സിനിമയുടെ ഷൂട്ടിംഗിനെക്കുറിച്ചുമൊക്കെ വെളിപ്പെടുത്തിയിരിക്കുകയാണ് കമൽ.

dileep-manju

ഈ പുഴയും കടന്ന് സിനിമയുടെ ഷൂട്ടിംഗിൽ ഒരുപാട് രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ദിലീപിനെക്കൂടാതെ മഞ്ജുവാര്യർ, മോഹിനി, ചിപ്പി എല്ലാവരും ചേർന്ന് ഉത്സവാന്തരീക്ഷമായിരുന്നെന്ന് കമൽ കൂട്ടിച്ചേർത്തു.


'നന്നായി ഓടിയ ഒരു സിനിമയാണ് ഈ പുഴയും കടന്ന്. സല്ലാപത്തിന് ശേഷം ദിലിപിന്റെയും മഞ്ജുവിന്റെയും ഏറ്റവും വലിയ ഹിറ്റ് ചിത്രമായിരുന്നു അത്. അവരുടെ ഒന്നിച്ചുള്ള ജീവിതം തുടങ്ങാനും ഈ പുഴയും കടന്നാണ് കാരണം. ഞങ്ങൾക്കൊക്കെ വളരെ സവിശേഷമായൊരു സിനിമയാണ്. ഏറ്റവും ബഡ്ജറ്റ് കുറഞ്ഞെടുത്ത സിനിമ.'- കമൽ വ്യക്തമാക്കി.

ശ്രീനിവാസന് വേണ്ടി ആലോചിച്ച സിനിമയായിരുന്നു ഇതെന്നും കമൽ വെളിപ്പെടുത്തി. 'സല്ലാപം കഴിഞ്ഞ് വേറൊരു സിനിമയുടെ ആലോചനയുമായി എഴുത്തുകാരൻ ശത്രുഘ്നനെ വിളിച്ചു. ഞങ്ങൾ വേറൊരു കഥയെക്കുറിച്ച് ചർച്ച ചെയ്യുകയായിരുന്നു. കഥ മുന്നോട്ടുപോകുന്നില്ല. എനിക്കൊരു തൃപ്തിയും തോന്നിയില്ല. ജനങ്ങളെ പെട്ടെന്ന് ആകർഷിക്കുന്ന സിനിമ ചെയ്യണമെന്ന ആലോചനയിലാണ് ദിലീപിനെയും മഞ്ജുവിനെയും വച്ച് കഥ ചിന്തിച്ചാലോയെന്ന് ശത്രുഘ്നനോട് പറയുന്നത്. എന്റെ സുഹൃത്ത് ശ്രീനിവാസനെ വച്ച് ചെയ്യാനുള്ള കഥയുടെ ആശയം എന്നോട് നേരത്തെ പറഞ്ഞിരുന്നു. അത് പിന്നെ അന്ന് വർക്കൗട്ടായില്ല. കഥയായും രൂപപ്പെട്ടില്ല. പെൺകുട്ടികളെ കല്ല്യാണം കഴിപ്പിക്കാൻ ഒരാൾ കഷ്ടപ്പെടുന്നതാണ് അതിലെ ആശയം. അതുവേറൊരു പശ്ചാത്തലത്തിൽ കൊണ്ടുവന്ന് കഥ ആലോചിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ എന്റെ മനസിൽ രൂപപ്പെട്ട കഥയാണ് ഈ പുഴയും കടന്ന്.

അങ്ങനെ ഞാൻ ദിലീപിനെയും മഞ്ജുവിനെയും വിളിച്ചു. ഇങ്ങനെയൊരു സബ്ജക്ട് ആലോചിക്കുന്നുണ്ട്. എപ്പോഴാണ് ഫ്രീയാകുകയെന്ന് ചോദിച്ചു. ദിലീപ് ഏതോ ഒരു സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആ സിനിമ കഴിഞ്ഞാൽ സാർ പറഞ്ഞാൽ സാറിന്റെ സിനിമ കഴിഞ്ഞാലേ വേറെ സിനിമയിലേക്ക് പോകുകയുള്ളൂവെന്ന് പറഞ്ഞു. ഞാൻ ദിലീപിനോട് സംസാരിച്ച് ഒരു മാസം കഴിയുമ്പോഴേക്ക് ഷൂട്ടിംഗ് തുടങ്ങി. അന്നൊക്കെ അങ്ങനെ വളരെപ്പെട്ടന്ന് സംഭവിക്കുകയായിരുന്നു. മഞ്ജുവിനെയും വിളിച്ചു. മഞ്ജു തൂവൽ കൊട്ടാരത്തിൽ അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ഫോണിൽക്കൂടി കഥ പറഞ്ഞപ്പോൾ തന്നെ അവർക്ക് ഓക്കെയാണ്. പിന്നെ എല്ലാം പെട്ടന്നായിരുന്നു.' - കമൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: EEPUZHAYUMKADANNU, DILEEP, MANJUWARRIER, KAMAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY