ബംഗളൂരു: പൊതുയിടത്തിൽ ലൈംഗികാതിക്രമം നേരിട്ടെന്ന് വെളിപ്പെടുത്തി നടി. ബിഗ് ബോസ് കന്നടയിലൂടെ പ്രശസ്തയായ നടി ദിവ്യ സുരേഷാണ് സമൂഹമാദ്ധ്യമ പോസ്റ്റിലൂടെ ദുരനുഭവം വെളിപ്പെടുത്തിയത്. ബംഗളൂരുവിൽ ബന്ധുവിനൊപ്പം നടക്കവേ ഒരാൾ പിന്തുടർന്നുവെന്നും അശ്ലീല ആംഗ്യങ്ങൾ കാട്ടിയെന്നുമാണ് നടി പോസ്റ്റിൽ പറയുന്നത്.
'ഞാനും എന്റെ കസിനും രാത്രി 11:30ഓടെ ഞങ്ങളുടെ കാറിനരികിലേയ്ക്ക് നടക്കുന്നതിനിടെ ഒരു പുരുഷൻ ഞങ്ങളെ പിന്തുടരാൻ തുടങ്ങി. ഞങ്ങളെ പിന്തുടരുന്നതിനിടയിൽ അയാൾ പരസ്യമായി സ്വയം സ്പർശിച്ചു. ഇതുകണ്ട ഞങ്ങൾ കയർത്തെങ്കിലും അയാളത് നിർത്തിയില്ല. ഞങ്ങൾ ഞങ്ങളുടെ കാറിൽ കയറുന്നതുവരെ അയാളിത് തുടർന്നു. രാത്രിയിൽ പുറത്തിറങ്ങി നടക്കുന്നു എന്നതുകൊണ്ട് ഒരു സ്ത്രീക്കും ഇത് അനുഭവിക്കേണ്ടി വരരുത്. നമുക്ക് വാഗ്ദാനം ചെയ്യപ്പെടുന്ന സുരക്ഷ എവിടെയാണ്?'- എന്നാണ് ദിവ്യ സമൂഹമാദ്ധ്യമത്തിൽ കുറിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ നടി പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
കന്നട സീരിയലുകളായ 'നന്ന ഹെന്ദി എംബിബിഎസ്', 'ജോഡി ഹക്കി' എന്നിവയിലൂടെയും പ്രശസ്തയാണ് ദിവ്യ. 2017ൽ മിസ് ഇന്ത്യ സൗത്ത് കിരീടം സ്വന്തമാക്കിയിട്ടുണ്ട്. '#9 ഹിൽട്ടൺ ക്രോസ്' എന്ന സിനിമയിലൂടെ 2017ൽ സിനിമയിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. 'റൗഡി ബേബി', 'കെംപു ഹലാഡി ഹസിരു', 'ഹിരണ്യ' എന്നീ സിനിമകളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. 2022ലെ ബിഗ് ബോസ് കന്നട സീസൺ എട്ടിലെ മത്സരാർത്ഥിയായിരുന്നു ദിവ്യ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |