SignIn
Kerala Kaumudi Online
Sunday, 07 June 2026 11.20 PM IST

'അന്ന് കണ്ണ് നിറഞ്ഞാണ് മോഹൻലാൽ പോയത്, ആ റോൾ ചെയ്യാൻ എല്ലാ കഷ്ടപ്പാടും അദ്ദേഹം സഹിച്ചു'

READ ENGLISH VERSION

ഒരുപിടി മികച്ച പുതിയ അഭിനേതാക്കളെയും മറന്നുപോയ ചില മുഖങ്ങളെയും പരിചയപ്പെടുത്തിയ ചിത്രമാണ് തരൂൺ മൂർത്തി സംവിധാനം ചെയ്ത 'തുടരും'. മലയാളത്തിലെ മുതിർന്ന സംവിധായകനായ പി ചന്ദ്രകുമാറും തുടരും സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്തിട്ടുണ്ട്. ഒരു പക്ഷേ മോഹൻലാലിനെ സൂപ്പർ സ്റ്റാർ പദവിയിലേക്ക് എത്തിക്കാൻ കാരണക്കാരനായ ഒരു സംവിധായകൻ കൂടിയാണ് ചന്ദ്രകുമാർ.

തുടരും നിറഞ്ഞ സദസിൽ ഓടുമ്പോൾ മോഹൻലാലിനെക്കുറിച്ച് മുൻപ് ചന്ദ്രകുമാർ കൗമുദി ടിവിയ്ക്ക് നൽകിയ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു കഥാപാത്രത്തിന് വേണ്ടി മോഹൻലാൽ സഹിച്ച കഷ്ടപ്പാടിനെക്കുറിച്ചാണ് അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞത്. 1985ൽ പുറത്തിറങ്ങിയ 'ഉയരും ഞാൻ നാടാകെ' എന്ന ചിത്രം പി ചന്ദ്രകുമാറാണ് സംവിധാനം ചെയ്തത്. ഈ ചിത്രത്തിൽ മോഹൻലാൽ ആദിവാസിയുടെ വേഷത്തിലാണ് എത്തിയത്.

mohanlal

പി ചന്ദ്രകുമാറിന്റെ വാക്കുകൾ

'ഉയരും ഞാൻ നാടാകെ' എന്ന സിനിമയുടെ നിർമാതാക്കൾ എന്നോട് കഥ പറയാൻ വന്നു. അന്ന് ലാലും സെറ്റിൽ ഉണ്ട്. കഥ കേട്ടപ്പോൾ മോഹൻലാൽ ചോദിച്ചു 'നല്ല റോൾ ആണല്ലോ എനിക്ക് തരാമോയെന്ന്?' അപ്പോൾ ഞാൻ പറഞ്ഞു അത് ഞാൻ രതീഷിന് വേണ്ടി ബുക്ക് ചെയ്ത് വച്ചിട്ടുണ്ടെന്ന്. രതീഷാണ് ആദിവാസി ലുക്കിന് കുറച്ചുകൂടി അനുയോജ്യമാകുക. മൂന്നുനാല് ദിവസം ഇതുപോലെ മോഹൻലാൽ എന്നോട് വന്ന് ആ വേഷം തനിക്ക് തരാൻ ആവശ്യപ്പെട്ടിരുന്നു.

വെളുത്തിരിക്കുന്ന നിനക്ക് അത് പറ്റില്ല, നീ ആദിവാസിയായാൽ എന്നെ ആളുകൾ തല്ലുമെന്ന് ഞാൻ പറഞ്ഞു. പിറ്റേദിവസം ഞാൻ ഷൂട്ടിംഗിന് വരുമ്പോൾ പൊലീസ് ഓഫീസറായി വേഷമിട്ട് നിൽക്കേണ്ട മോഹൻലാൽ, കരിതേച്ച് തോർത്ത് ഉടുത്ത് നിൽക്കുന്നു. അപ്പോൾ ഞാൻ പറഞ്ഞു ആരാണ് ഈ വേഷം ഇടാൻ നിന്നോട് പറഞ്ഞത്. പോയി മാറ്റ് എന്ന്, അന്ന് കണ്ണ് നിറഞ്ഞാണ് മോഹൻലാൽ പോയത്.

പിന്നെ ഞാൻ ആലോചിച്ചു. ഇത്രയും ആത്മാർത്ഥത ഞാൻ രതീഷിൽ പോലും കണ്ടില്ല. ഞാൻ ലാലിനെ വിളിച്ചു പറഞ്ഞു. ലാൽ ആ റോൾ ഞാൻ തരാം. പക്ഷേ ചില വ്യവസ്ഥകൾ ഉണ്ട്. ആ ഷൂട്ടിംഗിന് വന്നാൽ കാലിൽ ചെരിപ്പിടാൻ പാടില്ല. പിന്നെ ഷർട്ടും പാന്റും ഇടാൻ പാടില്ല, നമ്മൾ തരുന്ന വസ്ത്രം മാത്രമേ ഇടാവൂ. ഞങ്ങളുടെ കൂടെ ഇരിക്കരുത്. സിനിമയ്ക്കായി 100 ഒറിജിനൽ ആദിവാസികളെ കൊണ്ടുവരുന്നുണ്ട്. അവരുടെ കൂടെ പോയി ഇരിക്കണം. അവരുടെ കൂടെ ഇരുന്ന് അവരുടെ രീതി പഠിക്കണം. അത് അതുപോലെ മോഹൻലാൽ അനുസരിച്ചു. വയനാട്ടിലെ തണുപ്പിൽ ഞങ്ങൾ പുതച്ച് നടന്നപ്പോൾ ലാൽ ഒരു തോർത്ത് ഉടുത്താണ് നടന്നത്. ആ കഷ്ടപ്പാടിന്റെ ഫലമാണ് ആ സിനിമ. ആ റോൾ വളരെ മനോഹരമായി തന്നെ മോഹൻലാൽ ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: VIRAL, VIDEO, P CHANFRAKUMAR, MOHANLAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY