
കൊച്ചി: വിമാനയാത്രക്കിടെ യുവനടിയോട് സഹയാത്രികൻ അപമര്യാദയായി പെരുമാറിയ സംഭവത്തിൽ എയർ ഇന്ത്യ അധികൃതരോട് റിപ്പോർട്ട് തേടി പൊലീസ്. പ്രതിയായ തൃശൂർ സ്വദേശി ആന്റോയുടെ കൂടെ വിമാനത്തിലുണ്ടായിരുന്ന സുഹൃത്തുക്കളെയും പൊലീസ് ചോദ്യം ചെയ്യും. വിമാനത്തിൽ സംഭവ ദിവസമുണ്ടായിരുന്ന ജീവനക്കാരുടെ മൊഴിയെടുക്കാൻ നോട്ടീസ് നൽകും.
കഴിഞ്ഞ ചൊവ്വാഴ്ച മുംബയിൽ നിന്ന് കൊച്ചിയിലേയ്ക്കുള്ള യാത്രയ്‌ക്കിടെയാണ് യുവനടിയ്ക്ക് ദുരനുഭവമുണ്ടായത്.തൊട്ടടുത്ത സീറ്റിലിരിക്കുകയായിരുന്ന യാത്രക്കാരൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്ന് നടി പരാതിയിൽ പറയുന്നുണ്ട്. ജേണലിസ്റ്റാണോ എന്ന് ചോദിച്ചാണ് പ്രതി സംസാരം തുടങ്ങിയത്. പിന്നാലെ വിൻഡോ സീറ്റിന്റെ പേരിൽ വാക്കേറ്റമുണ്ടാക്കി. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും വീണ്ടും ശല്യപ്പെടുത്തി. തുടർന്ന് ശരീരത്തിൽ കടന്നുപിടിക്കാൻ ശ്രമിച്ചതായും നടി പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. വിമാനത്തിലെ ജീവനക്കാരോട് പരാതിപ്പെട്ടപ്പോൾ സീറ്റ് മാറ്റിയിരുത്തുക മാത്രമാണ് ചെയ്തതെന്നും പൊലീസിനോട് പരാതിപ്പെടാനാണ് പറഞ്ഞതെന്നും നടി വ്യക്തമാക്കിയിരുന്നു.
കൊച്ചിയിലെത്തിയ ശേഷം ഉടൻതന്നെ ഇമെയിൽ മാർഗം നടി പൊലീസിൽ പരാതി നൽകുകയായിരുന്നു. തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ദുരനുഭവം വെളിപ്പെടുത്തിയത്. വിമാനയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നും സംഭവത്തിൽ ഉചിതമായ നടപടി വേണമെന്നും നടി ആവശ്യപ്പെട്ടിരുന്നു. എയർ ഇന്ത്യ വിമാനത്തിൽ യാത്രക്കാർക്ക് സഹയാത്രികരിൽ നിന്ന് മോശം അനുഭവം ഉണ്ടായതായുള്ള പരാതികൾ നേരത്തെയും ഉയർന്നിട്ടുണ്ട്. കേസിലെ പ്രതിയായ ആന്റോ ബിസിനസുകാരനാണെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |