SignIn
Kerala Kaumudi Online
Saturday, 19 September 2026 4.45 PM IST

ഇനി പത്ത് ദിവസം മാത്രം; നീറ്റ് പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർ ഈ തന്ത്രം ഒന്ന് പ്രയോഗിച്ചുനോക്കൂ

exam

മേയ് നാലിന് നടക്കുന്ന നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുമ്പോൾ വിദ്യാർത്ഥികൾ താഴെക്കൊടുത്തിരിക്കുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. നീറ്റ് വിജയകരമായി പൂർത്തിയാക്കാനുള്ള അവസാന നിമിഷ തന്ത്രമാണിത്.


1. കൃത്യം പത്തു ദിവസം അകലെയാണ് നീറ്റ് പരീക്ഷ. അതിനാൽ അവസാന വട്ട പഠന ടൈം ടേബിൾ തയ്യാറാക്കുക. മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലുള്ള ഒബ്ജക്ടീവ് ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കണം.

2. ഫിസിക്‌സിൽ നിന്നും കെമിസ്ട്രിയിൽ നിന്നുമുള്ള പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട എല്ലാ ചോദ്യങ്ങളും, വായിച്ചു പഠിക്കുന്നതിനു പകരം എഴുതി ഉത്തരം കണ്ടെത്താൻ ശ്രമിക്കാം. സങ്കീർണ്ണമായ ജീവശാസ്ത്ര ചിത്രങ്ങൾ വരയ്ക്കാൻ ശ്രമിക്കുക.

3. പരമാവധി മോക്ക് ടെസ്റ്റുകൾ ചെയ്യുക.

4. ചില പാഠഭാഗങ്ങൾ മനസിലാക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവ ഒഴിവാക്കി ബാക്കി ഭാഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

5. പഠിച്ച ഭാഗങ്ങൾ ഇടയ്ക്കിടെ മനസിൽ ഓർത്തെടുക്കാൻ ശ്രമിക്കണം.

6. ടെൻഷനില്ലാതെ പരീക്ഷയെഴുതുമെന്ന ആത്മവിശ്വാസം വിദ്യാർത്ഥികൾക്കുമുണ്ടാകണം. ഏകാഗ്രതയോടെ മനസിരുത്തി പഠിക്കണം.

7. ടെൻഷൻ ഒഴിവാക്കാൻ ഇടയ്ക്കിടെ വ്യായാമം ചെയ്യുന്നതും പാട്ടു കേൾക്കുന്നതും ടെലിവിഷൻ പ്രോഗ്രാമുകൾ കാണുന്നതും സുഹൃത്തുക്കളോട് സംസാരിക്കുന്നതും നല്ലതാണ്.


പരീക്ഷാ കേന്ദ്രത്തിലേക്കു പോകുമ്പോൾ

.അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യണം. പരീക്ഷാ കേന്ദ്രം നേരത്തെതന്നെ വിലയിരുത്താൻ ശ്രമിക്കുക. ഒരു മണിക്കൂർ മുമ്പെങ്കിലും പരീക്ഷാ കേന്ദ്രത്തിലെത്തണം. ഡ്രസ് കോഡ് ഉൾപ്പെടെ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം.

ഫിസിക്‌സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി എന്നിവയിൽ നിന്നായി 50 വീതം ചോദ്യങ്ങൾ ഉണ്ടാകും. ഓരോ വിഷയത്തിനും രണ്ട് വിഭാഗങ്ങളുണ്ട്; എ & ബി.

 പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ് ഒരിക്കലും സുഹൃത്തുക്കളുമായി വിഷയങ്ങൾ ചർച്ച ചെയ്യാൻ ശ്രമിക്കരുത്. എപ്പോഴും പോസിറ്റീവ് മനോഭാവം പിന്തുടരാനും ഇൻവിജിലേറ്ററുടെ നിർദ്ദേശങ്ങൾ പാലിക്കാനും ശ്രമിക്കണം.


മാതാപിതാക്കളോട്

ചില രക്ഷിതാക്കളുടെ അകാരണമായ മാനസിക സംഘർഷം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കാറുണ്ട്. മറ്റു കുട്ടികളുമായി താരതമ്യം ചെയ്യുന്നത് രക്ഷിതാക്കൾ ഒഴിവാക്കണം. പഠനം, ഭക്ഷണം, ഉറക്കം എന്നിവ പരീക്ഷ മുന്നൊരുക്കങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്നു. അതിനു വേണ്ട സൗകര്യമൊരുക്കേണ്ടത് രക്ഷിതാക്കളാണ്. വീട്ടിൽ പോസിറ്റീവ് എനർജി പ്രധാനം ചെയ്യുന്ന പെരുമാറ്റം വിദ്യാർഥികളെ ഏറെ സന്തോഷപ്രദമാക്കാൻ സഹായിക്കും.

 ദിവസേന കുറഞ്ഞത് ആറ് മണിക്കൂർ ഉറങ്ങാൻ വിദ്യാർത്ഥികൾക്ക് അവസരം കൊടുക്കണം.ശീതീകരിച്ചതോ തണുത്തതോ ആയ ഭക്ഷണ വസ്തുക്കളോ ശീതളപാനീയങ്ങളോ സ്ഥിരമായി കഴിക്കുന്നത് ഒഴിവാക്കണം. കടുത്ത വേനലായതിനാൽ യഥേഷ്ടം വെള്ളം കുടിക്കണം. സസ്യേതര, അധികം എരിവുള്ള ഭക്ഷ്യ വസ്തുക്കൾ ഒഴിവാക്കണം.

പരീക്ഷാക്കാലത്തു മൊബൈൽ ഫോൺ, സോഷ്യൽ മീഡിയ ഉപയോഗം കുറയ്ക്കണം. പഠിക്കുമ്പോൾ ഓരോ മണിക്കൂറിനുശേഷവും 10 മിനിട്ട് ബ്രേക്ക് എടുക്കുന്നത് നല്ലതാണ്.പരീക്ഷാക്കാലത്ത് വീട്ടിലേക്കുള്ള അതിഥികളെ രക്ഷിതാക്കൾ പരമാവധി ഒഴിവാക്കണം. അത്യാവശ്യ ഘട്ടങ്ങളിൽ അദ്ധ്യാപകരുമായും സഹപാഠികളുമായും സംശയം പങ്കിടാൻ മറക്കരുത്. വിശ്വാസമുള്ളവർ ക്ഷേത്രങ്ങളിലും, പള്ളികളിലും പോകുന്നത് ആത്മവിശ്വാസം വളർത്തിയെടുക്കാൻ സഹായിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION, NEET EXAM, STUDENTS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+