SignIn
Kerala Kaumudi Online
Sunday, 31 May 2026 1.43 AM IST

പാലക്കാട്ട് വോട്ടർമാർക്ക് ബിജെപി പണം നൽകുന്ന ദൃശ്യങ്ങൾ പുറത്ത്; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രൻ

READ ENGLISH VERSION

shobha-surendran

പാലക്കാട്: പാലക്കാട് മണ്ഡലത്തിലെ വോട്ടർമാർക്ക് ബിജെപി പണം നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്ത്. പാലക്കാട് കണ്ണാടി പ്രദേശത്ത് പണം നൽകിയെന്നാണ് ആരോപണം. ഇതിന്റെ ദൃശ്യങ്ങൾ കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്. കണ്ണാടി പഞ്ചായത്തിലെ തരുവാക്കുറിശ്ശിയിലാണ് സംഭവം.

ഒരു സ്ത്രീ കണ്ണാടി മേഖലയിലെ വീട്ടിൽ പോയി വൃദ്ധയ്ക്ക് പണം നൽകുന്നതും ശേഷം പാലക്കാട്ടെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ കാറിൽ കയറി പോകുന്നതും പുറത്തുവന്ന വീഡിയോയിൽ ഉണ്ട്. കോൺഗ്രസ് പ്രവർത്തകർ ശോഭയുടെ കാർ പിന്തുടർന്ന് ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ക്ഷുഭിതയായി ശോഭ പ്രതികരിക്കുന്നതും ഫോൺ പിടിച്ചുവാങ്ങാൻ ശ്രമിക്കുന്നതും വീഡിയോയിൽ ഉണ്ട്. 5000 രൂപയാണ് നൽകിയതെന്നാണ് കോൺഗ്രസ് ആരോപണം. ശോഭയും മറ്റ് രണ്ട് സ്ത്രീകളുമാണ് എത്തിയത്. ശോഭ കാറിൽ പോയശേഷം ഒപ്പം ഉണ്ടായിരുന്ന സ്ത്രീ പണം നൽകിയെന്നാണ് ആരോപണം.

വ്യദ്ധയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. മരണ വീട്ടിലേക്ക് ശോഭാ സുരേന്ദ്രനും പ്രവർത്തകരും വന്നു. തുടർന്ന് തൊട്ടടുത്ത വീട്ടിലേക്കും ഇവർ വന്നു. അവിടെയുള്ളവരുമായി കുറച്ചുനേരം സംസാരിച്ചശേഷം ശോഭ തിരികെ കാറിലേക്ക് പോയി. ഈ സമയം ഒരു സ്ത്രീ വൃദ്ധയുടെ കെെയിൽ പണം നൽകുകയായിരുന്നുവെന്നാണ് ആരോപണം. പണം ലഭിച്ച വയോധികയോട് ചോദിച്ചപ്പോൾ അവർ കെെ തുറന്ന് പണം കാണിച്ചുതന്നതായും കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. പാലക്കാട് നഗരസഭ മുൻ ചെയ‌ർപേഴ്സൺ പ്രമീള ശശിധരൻ ഉൾപ്പെടെയുള്ളവർ ശോഭാ സുരേന്ദ്രനൊപ്പം ഉണ്ടായിരുന്നുവെന്നാണ് വിവരം.

തിരഞ്ഞെടുപ്പ് ചട്ടലംഘനം ചൂണ്ടിക്കാണിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് പ്രവർത്തകർ അറിയിച്ചു. സംഭവത്തിൽ ജില്ലാ കളക്ടറോട് തിരഞ്ഞെടുപ്പ് കമ്മീഷൻ റിപ്പോർട്ട് തേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: BJP, PALAKKAD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA