SignIn
Kerala Kaumudi Online
Tuesday, 19 May 2026 2.12 AM IST

മുഖ്യമന്ത്രി ആരെന്ന ചർച്ച: കോൺഗ്രസ് കുടുക്കിൽ

congress

തിരുവനന്തപുരം: പൊട്ടലും ചീറ്റലുമൊക്കെ ഒതുക്കി തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ മൂർദ്ധന്യത്തിലേക്ക് കടക്കുമ്പോൾ കോൺഗ്രസിനെ കുടുക്കിലാക്കി മുഖ്യമന്ത്രി പദവി വിവാദം. നിയമസഭാ സ്ഥാനാർത്ഥിത്വത്തിന്റെ പേരിൽ മൂന്ന് ദിവസം കോൺഗ്രസ് നേതൃത്വത്തെ മുൾമുനയിൽ നിറുത്തിയ കെ.സുധാകരനാണ് വിവാദത്തിന് തിരി കൊളുത്തിയത്. മറ്റൊരു മുതിർന്ന നേതാവ് പി.ജെ.കുര്യൻ അതേറ്റു പിടിച്ചതോടെ ചർച്ച സജീവം..

മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള ചർച്ച ഇപ്പോൾ ഉയർത്തിക്കൊണ്ടു വരേണ്ടതില്ലെന്നാണ് രമേശ് ചെന്നിത്തല പ്രതികരിച്ചത്. തിരഞ്ഞെടുപ്പ് കഴിയുമ്പോൾ തെലങ്കാനയിലും കർണാടകത്തിലും ചെയ്തത് പോലെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കുമെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി.യു.ഡി.എഫ് അധികാരത്തിലെത്തിയാൽ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവണമെന്നാണ് തന്റെ ആഗ്രഹമെന്നും, ചെന്നിത്തലയെയാണ് താൻ ശുപാർശ ചെയ്യുകയെന്നുമാണ് സുധാകരൻ പറഞ്ഞത്. ഭൂരിപക്ഷം കിട്ടിയാൽ നിലവിലെ പ്രതിപക്ഷ നേതാവിനെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുകയാണ് കീഴ്വഴക്കം. എന്നാൽ സതീശനെക്കാൾ മുതിർന്ന നേതാവാണ് ചെന്നിത്തല. അദ്ദേഹത്തെയും സ്വാഭാവികമായി പരിഗണിക്കാവുന്നതാണ്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഈ ചുമതലയിലേക്ക് വരുമെന്ന അഭ്യൂഹങ്ങളും ഉയർന്നിരുന്നു. ഒടുവിൽ സഹി കെട്ടാണ് ഇത്തരം അനാവശ്യ ചർച്ചകൾ കോൺഗ്രസ് നേതൃത്വം വിലക്കിയത്.

കെ.പി.സി.സി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് തന്നെ മാറ്റി സണ്ണി ജോസഫിനെ പ്രതിഷ്ഠിച്ചതിൽ വി.ഡി.സതീശൻ ചരട് വലി നടത്തിയെന്ന സംശയം സുധാകര പക്ഷത്തിനുണ്ട്. നിയമസഭയിലേക്ക് മത്സരിക്കണമെന്ന താത്പര്യം സുധാകരൻ നേതൃത്വത്തെ അറിയിച്ചെങ്കിലും എം.പിമാർ മത്സരിക്കേണ്ടെന്ന ഏറ്റവും കടുംപിടിത്തം

സതീശനായിരുന്നു.മൂന്ന് ദിവസം ഡൽഹിയിൽ തങ്ങി നിരാശനായി സുധാകരന് മടങ്ങേണ്ടി വന്നു. ഇതിന്റെയെല്ലാം കണക്ക് തീർക്കൽ കൂടിയാണ് സുധാകരന്റെ പ്രസ്താവനയെന്ന് വേണം കരുതാൻ. ഡൽഹി ചർച്ചയിൽ സുധാകരന് വേണ്ടി നേതൃത്വത്തോട് സംസാരിച്ചയാളുമാണ് ചെന്നിത്തല.

യു.ഡി.എഫ് അധികാരത്തിലെത്തിയാൽ ചെന്നിത്തല മുഖ്യമന്ത്രിയാവുമെന്ന് തിരുവല്ലയിലെ യു.ഡി.എഫ് കൺവെൻഷനിൽ അദ്ദേഹത്തെ വേദിയിലിരുത്തിയാണ് പി.ജെ.കുര്യൻ പറഞ്ഞത്.മുഖ്യമന്ത്രി ചർച്ച വഴി തിരിച്ചു വിടും വിധമുള്ള പ്രസ്താവനയാണിത്..

കോൺഗ്രസിന് മുഖ്യമന്ത്രി സ്ഥാനാർത്ഥിയില്ലെന്നും, ടീം യു.ഡി.എഫാണ് മുന്നോട്ടു പോകുന്നതെന്നുമായിരുന്നു കെ.മുരളീധരന്റെ അഭിപ്രായം. മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുമെന്ന് സണ്ണി ജോസഫും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA