SignIn
Kerala Kaumudi Online
Sunday, 05 July 2026 2.16 AM IST

'അമ്മ'യിൽ രാഷ്ട്രീയ, വർഗീയ വേഷപ്പകർച്ച  #ആരോപണങ്ങളുമായി  അൻസിബയും കൂട്ടരും

1

കൊച്ചി: താരസംഘടനയായ അമ്മയിലെ ചേരിപ്പോരിന് രാഷ്ട്രീയ, വർഗീയ നിറം കലരുന്നു. ബി.ജെ.പിക്ക് സ്ഥാനാർത്ഥികളെ നൽകാനും വർഗീയ ധ്രുവീകരണത്തിനും ശ്വേത മേനോൻ ശ്രമിച്ചെന്ന് അൻസിബ ഹസൻ ഉൾപ്പെടെ നാലു നടിമാർ ആരോപിച്ചു. ഭരണസമിതി തുടരുമെന്നും മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും പിന്തുണയുണ്ടെന്നും ശ്വേത പറഞ്ഞു.

ഭരണം തുടരാൻ ശ്വേതയ്‌ക്ക് അവകാശമില്ലെന്ന് അൻസിബയും കൂട്ടരും പ്രതികരിച്ചു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ രക്ഷാധികാരികളായി യുവതലമുറ ചുമതല ഏൽക്കണം. ധ്യാൻ ശ്രീനിവാസൻ ഉൾപ്പെടെ യുവാക്കൾ വരുമെന്നാണ് പ്രതീക്ഷയെന്നും നടിമാർ പറഞ്ഞു.

വർഗീയമായ നീക്കമാണ് ശ്വേത നടത്തിയതെന്ന് മുൻ ജോയിന്റ് സെക്രട്ടറിയായ അൻസിബയും, മാല പാർവതി, ഉഷ ഹസീന, മായ വിശ്വനാഥ് എന്നിവരും വാർത്താസമ്മേളനത്തിൽ ആരോപിച്ചു. കോർപ്പറേറ്റ് കമ്പനിയുടെ 15 കോടി അമ്മയ്‌ക്ക് ലഭിക്കുമെന്ന് ശ്വേത പറഞ്ഞതായി ബി.ജെ.പി നേതാവായ പദ്മജ എസ്. മേനോൻ വെളിപ്പെടുത്തിയിട്ടുണ്ട്. അത്തരം പണം അമ്മയ്‌ക്ക് വേണ്ട. ബി.ജെ.പിക്ക് സ്ഥാനാർത്ഥിയെ നൽകാൻ രണ്ടു കോടി വാങ്ങിയെന്ന് പൊതുയോഗത്തിൽ ബാബുരാജ് ആരോപിച്ചപ്പോൾ മറുപടി നൽകാതെ ശ്വേത ഇറങ്ങിപ്പോയി. ഇത്തരം കാര്യങ്ങളെ ചോദ്യം ചെയ്‌തപ്പോൾ അൻസിബയെ വർഗീയവാദിയും ജിഹാദിയുമാക്കി ഓടിക്കാനാണ് ശ്രമിച്ചത്. അമ്മയിൽ വർഗീയ ധ്രുവീകരണത്തിനു ശ്രമിച്ചു.

മതസ്ഥാപനത്തിന്റെ സ്‌പോൺസർഷിപ്പിനെ എതിർത്തതു മുതലാണ് തനിക്കെതിരെ നീക്കമാരംഭിച്ചതെന്ന് അൻസിബ പറഞ്ഞു. ഒരു കോടി പറഞ്ഞത് കരാറിൽ 75 ലക്ഷമായി. 25 ലക്ഷം എവിടെപ്പോയെന്ന് അറിയില്ല.

മമ്മൂട്ടിയും മോഹൻലാലും

പിന്തുണച്ചെന്ന് ശ്വേത

ഓടിളക്കി വന്ന പത്തോ പതിനഞ്ചോ പേരല്ല, ഭൂരിപക്ഷം അംഗങ്ങളാണ് അമ്മ എങ്ങനെ പ്രവർത്തിക്കണമെന്ന് തീരുമാനിക്കേണ്ടതെന്ന് ഫേസ്ബുക്ക് കുറപ്പിൽ ശ്വേത മേനോൻ പറഞ്ഞു. കമ്മിറ്റിയിൽ വരാൻ ആഗ്രഹമുള്ളവർ തങ്ങളെപ്പോലെ തിരഞ്ഞെടുപ്പിൽ മത്സരിക്കണം, പിൻവാതിലിലൂടെയോ ഓടിളക്കിയോ അല്ല വരേണ്ടത്.

രാജിവയ്‌ക്കരുതെന്നും നിലപാടിൽ ഉറച്ചുനിൽണമെന്നും മമ്മൂട്ടിയും മോഹൻലാലും പറഞ്ഞു. പോരാട്ടത്തിൽ എനിക്കൊപ്പം ഉറച്ചുനിന്ന അവർക്കും എല്ലാ അംഗങ്ങൾക്കും നിറഞ്ഞ നന്ദിയുണ്ട്.

അമ്മയുടെ നിയമാവലിയിൽ അഡ്ഹോക് കമ്മിറ്റിയെന്ന സംവിധാനമില്ല. ഭരണസമിതി രാജിവച്ചാൽ തിരഞ്ഞെടുപ്പ് നടത്തി പുതിയ കമ്മിറ്റി ചുമതല ഏൽക്കുന്നതുവരെ പഴയ സമിതി തുടരണം. മോഹൻലാലിന്റെ സമിതി രാജിവച്ചപ്പോഴും വ്യവസ്ഥ പാലിച്ചു. പുതിയ ഭരണസമിതി ചുമതലയേൽക്കും വരെ തങ്ങളുടെ കമ്മിറ്റിയാണ് തുടരേണ്ടത്.

ശ്വേത നൽകിയ ഹർജിയിൽ അഡ്ഹോക് കമ്മിറ്റി അസാധുവാണെന്ന് കഴിഞ്ഞ ദിവസം എറണാകുളം മുൻൻസിഫ് കാേടതി ഇടക്കാല ഉത്തരവ് നൽകിയിരുന്നു.തുടർന്ന് കമ്മിറ്റി കൺവീനർ സ്ഥാനം രമേഷ് പിഷാരടി രാജിവയ്ക്കുകയും ചെയ്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AMMA NEW
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA