പത്തനംതിട്ട: ആറൻമുളയിൽ വിമാനത്താവളം നിർമ്മിക്കാനായി ഡ്രോൺ സർവെ നടത്തിയ മൗണ്ട് സിയോൺ ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഉടമ എബ്രഹാം കലമണ്ണിൽ പദ്ധതിയിൽ നിന്ന് പിൻമാറി. വിമാനത്താവള പദ്ധതിക്ക് ഇനി താനില്ലെന്ന് കലമണ്ണിൽ ഇന്നലെ സ്വകാര്യ ചാനലിനോട് പറഞ്ഞു. താൻ ആറൻമുളയിൽ വാങ്ങിയ സ്ഥലത്ത് എയർസ്ട്രിപ്പ് സ്ഥാപിച്ച് ചെറുവിമാനങ്ങളിറക്കും. എയർ ആംബുലൻസ് സർവീസ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പാരിസ്ഥിതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി വിമാനത്താവളത്തിന് അനുമതി നിഷേധിച്ച ഗ്രീൻ ട്രൈബ്യൂണലിന്റെയും സുപ്രീം കോടതിയുടെയും ഉത്തരവിനെതിരായി മുന്നോട്ടു പോയാൽ തിരിച്ചടിയുണ്ടാകുമെന്ന സൂചനയിലാണ് കലമണ്ണിലിന്റെ മനംമാറ്റം. വിമാനത്താവള പദ്ധതിക്കുള്ള എല്ലാ അനുമതികളും സംസ്ഥാന സർക്കാർ 2014ൽ റദ്ദാക്കിയിരുന്നു.സർക്കാർ മിച്ചഭൂമിയായി പ്രഖ്യാപിച്ച സ്ഥലത്ത് കലമണ്ണിൽ ഡ്രോൺ സർവെ നടത്തിയത് വിവാദമായിരുന്നു. ആറൻമുളയിൽ തനിക്ക് 400 ഏക്കർ സ്ഥലമുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ എൻ.ഒ.സി കിട്ടിയാൽ അവിടെ വിമാനത്താവളം നിർമ്മിക്കുമെന്നും കലമണ്ണിൽ അവകാശപ്പെട്ടത് മിച്ചഭൂമിയും ചേർത്താണെന്ന് റവന്യു വകുപ്പ് കരുതുന്നു. കലമണ്ണിലും റവന്യു വകുപ്പും തമ്മിലുള്ള മിച്ചഭൂമി കേസ് 16ന് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. സ്ഥലം ഉൾപ്പെടുന്ന മെഴുവേലി, കിടങ്ങന്നൂർ, ആറൻമുള, മല്ലപ്പുഴശേരി വില്ലേജ് ഓഫീസർമാരോട് കോഴഞ്ചേരി തഹസിൽദാർ റിപ്പോർട്ട് ചോദിച്ചിട്ടുണ്ട്. റിപ്പോർട്ട് ജില്ലാ കളക്ടർ ഹൈക്കോടതിയിൽ സമർപ്പിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |