SignIn
Kerala Kaumudi Online
Monday, 13 July 2026 7.00 PM IST

'ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല, എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം'

k-t-jaleel
കെ ടി ജലീൽ

പാലക്കാട്: പത്താം ക്ലാസ് പരീക്ഷയിൽ എ പ്ലസ് നേടിയവരെ അനുമോദിക്കുന്ന ചടങ്ങിൽ കുട്ടികളെ അപമാനിച്ചതായുള്ള ആരോപണത്തിൽ പ്രതികരിച്ച് മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ ടി ജലീൽ. അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല തന്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചതെന്നാണ് കെ ടി ജലീലിന്റെ വിശദീകരണം. സമൂഹമാദ്ധ്യമ പോസ്റ്റിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

പോസ്റ്റിന്റെ പൂർണരൂപം

നുള്ളും പൊള്ളും പിന്നെ മയയും കുയിയും!

മണ്ണാർക്കാട്ട് ഇന്നലെ നടന്ന എസ്‌എസ്‌എൽസി, +2 പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിക്കാൻ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ജേതാക്കളും അവരുടെ രക്ഷിതാക്കളുമാണ് പങ്കെടുത്തത്. പരിപാടിയിലേക്ക് ഞാനും ക്ഷണിക്കപ്പെട്ടിരുന്നു. കുട്ടികളുമായും രക്ഷിതാക്കളുമായും ചോദ്യങ്ങൾ ചോദിച്ചും വർത്തമാനങ്ങൾ പറഞ്ഞും ചില പ്രധാനപ്പെട്ട കാര്യങ്ങൾ ഉണർത്തിയുമാണ് ഞാൻ ഉൽഘാടനം ചെയ്തത്. പ്രസംഗം കഴിഞ്ഞ് മുഴുവൻ പേർക്കും മെമെന്റോ നൽകിയ ശേഷമാണ് വേദി വിട്ടത്.

അതുമായി ബന്ധപ്പെട്ട് "മുസ്ലിം വിദ്യാർത്ഥി ഫെഡറേഷൻ" (എംഎസ്എഫ്) എനിക്കെതിരെ ആക്ഷേപമുന്നയിച്ച് രംഗത്തു വന്നത് ഒരു വിവാദത്തിന് തിരി കൊളുത്തിയതായി അറിയാനായി. പന്ത്രണ്ടര വർഷം തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജിൽ അദ്ധ്യാപകനായി പ്രവർത്തിച്ചയാളാണ് ഈയുള്ളവൻ. 2006-ൽ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് അദ്ധ്യാപന ജീവിതത്തോട് വിട പറഞ്ഞത്.

എന്റെ വിദ്യാർത്ഥികളെ കഴിവിന്റെ പരമാവധി അവർക്കു മനസിലാകും വിധം ഞാൻ പഠിപ്പിച്ചിട്ടുണ്ട്. കുട്ടികളുമായി വളരെ സൗഹൃദത്തിലാണ് വർത്തിച്ചത്. സത്യത്തിൽ അവർക്ക് ഞാനൊരു സുഹൃത്തായിരുന്നു. എനിക്കവർ അനുജ സ്നേഹിതൻമാരും. കുട്ടികളുടെ നൻമയല്ലാതെ മറ്റൊന്നും ഇന്നുവരെ ആഗ്രഹിച്ചിട്ടില്ല. ഒരു കുട്ടിയേയും ശിക്ഷിച്ചതായി ഓർക്കുന്നില്ല. എന്തെങ്കിലും തെറ്റു പറഞ്ഞാൽ തമാശക്ക് ചിരിച്ച് ചെവിയിൽ പിടിക്കുമെന്നല്ലാതെ അവരെ വേദനിപ്പിക്കും വിധം പെരുമാറിയിട്ടേയില്ല.

ഞാൻ പഠിപ്പിച്ച ഏതെങ്കിലും ഒരു കുട്ടിക്ക് മറിച്ചൊരു അനുഭവം ഉണ്ടായിട്ടുണ്ടെങ്കിൽ കമന്റായി അവർക്കത് ഈ പോസ്റ്റിന് ചുവട്ടിൽ എഴുതാം. എന്റെ വിദ്യാർത്ഥികളിൽ ധാരാളം എംഎസ്എഫ്-കാരും ഉണ്ടായിരുന്നു. അവരിൽ പലരും രാഷ്ട്രീയത്തിൽ ഉൾപ്പടെ പലമേഖലകളിലും പ്രവർത്തിക്കുന്നുണ്ട്. തുറന്ന മനസ്സോടെ അവർക്കും ഞാൻ പറഞ്ഞത് തെറ്റാണെങ്കിൽ കമന്റിടാം.

ഇനി മണ്ണാർക്കാട്ടേക്കു വരാം. സാധാരണ അനുമോദന ചടങ്ങുകളിൽ പങ്കെടുക്കുമ്പോഴെല്ലാം ഏകപക്ഷീയമായി പ്രസംഗിച്ചു പോരുന്ന രീതിയല്ല എന്റേത്. വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും ചോദിച്ചും പറഞ്ഞുമാണ് സംസാരിക്കാറ്. മണ്ണാർക്കാട്ടും അതുതന്നെയാണ് സംഭവിച്ചത്. കുട്ടികളെ കാണുമ്പോൾ പൊതുപ്രവർത്തകൻ എന്നതിനെക്കാൾ എന്നിലെ അദ്ധ്യാപകനാണ് ഉയർന്നു നിൽക്കാറ്. തമാശയിലൂടെ ദേഷ്യപ്പെട്ടും ചിരിച്ചും ചിരിപ്പിച്ചും കുട്ടികളെ അവരുടെ കഴിവുകൾക്കൊപ്പം കുറവുകളും ചൂണ്ടിക്കാണിച്ച് കൊടുക്കാനാണ് ശ്രമിക്കാറ്. അതേ മണ്ണാർക്കാട്ടും നടന്നിട്ടുള്ളൂ. വീഡിയോ പൂർണ്ണമായും കണ്ടാൽ അത് ബോദ്ധ്യമാകും.

ചിരിച്ചു കൊണ്ട് ഒരു കുട്ടിയുടെ ചെവിയിൽ പിടിച്ചു എന്നത് ശരിയാണ്. അപ്പോൾ അവനും ചിരിക്കുകയാണ് ചെയ്തത്. കുട്ടിയുടെ മുഖം ബ്ലറർ ആക്കിയതു കൊണ്ട് അതു കാണുന്നില്ലെന്ന് മാത്രം. ഞാൻ ചെവിക്ക് നുള്ളുകയോ വേദനിപ്പിക്കുകയോ ചെയ്തിട്ടില്ല. അതെന്റെ രീതിയുമല്ല. ആ കുട്ടിയോട് ചോദിച്ചാൽ അതു ബോദ്ധ്യമാകും. ഏതെങ്കിലും രക്ഷിതാക്കൾക്കോ വിദ്യാർത്ഥികൾക്കോ എന്റെ പ്രസംഗം പ്രയാസം ഉണ്ടാക്കാനിടയില്ലെന്നാണ് എന്റെ വിശ്വാസം. അങ്ങിനെ ഉണ്ടായതായി ആരെങ്കിലും പറഞ്ഞാൽ തീർച്ചയായും അതു പരിഗണിക്കും.

കുട്ടികൾക്ക് പിശകുകൾ സംഭവിച്ചാൽ തമാശയിലും കാര്യത്തിലും അത് ചൂണ്ടിക്കാണിച്ച് കൊടുക്കുന്നതാണ് മുതിർന്നവരുടെ ചുമതല. പ്രത്യേകിച്ച് അദ്ധ്യാപകരുടെ. അല്ലെങ്കിൽ അവർ എത്ര വളർന്നാലും, മയ, കുയി, പുയ, പുയു, മയു, എന്നൊക്കെയാകും പറയുക. ഇതൊന്നും മനസ്സിലാകാത്തവരല്ല എംഎസ്‌എഫുകാർ. പാലക്കാട് ജില്ലയിൽ നടന്ന ഒരു കാര്യത്തിൽ എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റി പരാതിപ്പെട്ടതിന്റെ ഔചിത്യം മനസിലാകുന്നില്ല. എംഎസ്എഫ് മലപ്പുറം ജില്ലാ കമ്മിറ്റിക്ക് നല്ല നമസ്കാരം.

English Summary

Former Higher Education Minister K.T. Jaleel denied allegations that he insulted students during a felicitation event for Class 10 toppers in Palakkad. He said his speeches are always interactive, involving students and parents, and maintained that the event at Mannarkkad followed the same approach.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KT JALEEL, KT JALEEL CONTROVERSY, കെ ടി ജലീൽ വാർത്ത, KT JALEEL SPEECH, MANNARKKAD EVENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA