
മുളന്തുരുത്തി: കേരള ജല അതോറിറ്റി മുളന്തുരുത്തി അസിസ്റ്റന്റ് എൻജിനീയറുടെ ഓഫീസ് ആറു മാസം ഭരിച്ച മുൻ താത്കാലിക ജീവനക്കാരി കൈകാര്യം ചെയ്ത ഫയലുകൾ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ പരിശോധിക്കും. ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി 179 ദിവസത്തെ കരാർ നിയമനത്തിൽ എത്തിയ കോട്ടയം കടനാട് സ്വദേശി ജോഫിയ ജോസഫ് കരാർ അവസാനിച്ച ശേഷവും ഓഫീസിൽ തുടർന്നതാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മിന്നൽ പരിശോധനയിൽ പിടിച്ചത്. സംഭവത്തിൽ ജലവിഭവ വകുപ്പും വകുപ്പുതല അന്വേഷണം ആരംഭിച്ചു.
ഓഫീസിന്റെ ദൈനംദിന ഭരണകാര്യങ്ങൾ, ജലവിതരണ പൈപ്പുകളുടെ തകരാർ റിപ്പോർട്ട് ചെയ്യൽ, അറ്റകുറ്റപ്പണി കരാറുകൾക്ക് ശുപാർശ നൽകൽ, ബില്ലുകൾ കൈകാര്യം ചെയ്യൽ, ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗിക്കൽ എന്നിവയിൽ ഇവർ സജീവമായി ഇടപെട്ടിരുന്നു. കരാറുകാർക്ക് ഒത്താശ ചെയ്തതായും വിജിലൻസിന് സൂചന ലഭിച്ചു. കരാർ ജോലികളിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്നും സംശയിക്കുന്നു.
പ്രോജക്ട് വൊളണ്ടിയർ തസ്തികയിൽ ദിവസവേതനത്തിലായിരുന്നു നിയമനം. ഇവർ തുടർന്നതിൽ ഉദ്യോഗസ്ഥരുടെ വീഴ്ചയുണ്ടോയെന്നതും അന്വേഷണ പരിധിയിലുണ്ട്.
ദിവസങ്ങളോളം നിരീക്ഷിച്ചാണ് വിജിലൻസ് ജലഅതോറിറ്റി ഓഫീസിലെത്തിയത്. ജീവനക്കാരി അല്ലാത്തതിനാൽ ഇവർക്കെതിരെ നടപടിയെടുക്കാൻ വിജിലൻസിനു പരിമിതിയുണ്ട്.
കഴിഞ്ഞ ഡിസംബറിൽ കരാർ അവസാനിച്ച ജോഫിയ അസിസ്റ്റന്റ് എൻജിനീയർ ഇല്ലാത്തതിനാൽ ഉന്നത ഉദ്യോഗസ്ഥരുടെ അറിവോടെ ഒരു മാസം കൂടി ജോലി ചെയ്തിരുന്നു. അതിനുശേഷം യാതൊരു നിയമന ഉത്തരവുമില്ലാതെ മാസങ്ങളോളം ജോലി തുടർന്നത് ദുരൂഹമാണ്. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ അസാദ്ധ്യവുമാണ്. പമ്പ് ഓപ്പറേറ്റർ പോലുള്ള തസ്തികകളിൽ താത്കാലികമായി നിയമിക്കപ്പെടുന്നവരെ കാലാവധി കഴിഞ്ഞ് കരാറുകാരുടെ ജീവനക്കാരെന്ന പേരിൽ ദിവസവേതനത്തിൽ ജോലി ചെയ്യാൻ അനുവദിക്കാറുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |