
മുംബയ്: പ്രധാനമന്ത്രി പങ്കെടുക്കാനിരുന്ന വേദിയിൽ വ്യാജ ഐ.ഡി കാർഡുമായെത്തിയ രണ്ടുപേർ പിടിയിൽ. പി.എം.ഒ ഉദ്യോഗസ്ഥനും ഇയാളുടെ അംഗരക്ഷകനുമാണെന്ന് അവകാശപ്പെട്ടെത്തിയവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം മുംബയ് ബാന്ദ്ര കുർള കോംപ്ലക്സിലെ (ബി.കെ.സി) നിത മുകേഷ് അംബാനി കൾച്ചറൽ സെന്ററിലാണ് (എൻ.എം.എ.സി.സി) സംഭവം. ഗ്ലോബൽ ഫിൻടെക് ഫെസ്റ്ര് ഉദ്ഘാടനത്തിനാണ് മോദിയെത്താനിരുന്നത്. മണിക്കൂറുകൾക്കുമുമ്പ് പരിശോധനയ്ക്കിടെ സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥർ 24 കാരനായ റോഹൻ പരേഖിനെ ചോദ്യം ചെയ്തു. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനാണെന്ന് ഇയാൾ പറഞ്ഞു. ഒപ്പമുണ്ടായിരുന്നയാൾ ഗൺമാനാണെന്നും അറിയിച്ചു. പരിശോധനയിൽ പരേഖിന്റെ ഐ.ഡി കാർഡ് വ്യാജമാണെന്ന് കണ്ടെത്തി. കസ്റ്റഡിയിലെടുത്ത ഇരുവരെയും ചോദ്യം ചെയ്തുവരികയാണെന്നും മൊബൈൽ ഫോണുൾപ്പെടെ പരിശോധിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ മുംബയ് ക്രൈംബ്രാഞ്ച് അന്വേഷണമാരംഭിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |