
ന്യൂഡൽഹി: പ്രസംഗിക്കാൻ അവസരം നിഷേധിച്ചതിലും ക്ളാസുകൾ ഹിന്ദിയിൽ നടത്തിയതിലും പ്രതിഷേധിച്ച് ഡൽഹിയിൽ ദേശീയ വനിതാ കമ്മിഷൻ സംഘടിപ്പിച്ച ദ്വിദിന പരിശീലന ശില്പശാല ബഹിഷ്‌കരിച്ച് കേരളത്തിലെ വനിതാ എം.എൽ.എമാർ. ഡെപ്യൂട്ടി സ്‌പീക്കർ ഷാനിമോൾ ഉസ്‌മാൻ, മന്ത്രിമാരായ ബിന്ദു കൃഷ്‌ണ, കെ.എ. തുളസി, എം.എൽ.എമാരായ കെ.കെ. രമ, ഉമ തോമസ്, വിദ്യാ ബാലകൃഷ്ണൻ, ഉഷാ വിജയൻ, ഫാത്തിമ തഹ്‌ലിയ എന്നിവരാണ് കേരളത്തിൽ നിന്ന് ശിൽപശാലയിൽ പങ്കെടുത്തത്.
പൂർണമായും ഹിന്ദിയിലുള്ള ക്ളാസുകൾ കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.എൽ.എമാർക്ക് മനസിലായില്ലെന്ന് ഷാനിമോൾ ഉസ്‌മാൻ പറഞ്ഞു. പ്രതിഷേധത്തിൽ തമിഴ്നാട്ടിൽ നിന്നും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള എം.എൽ.എമാർ പിന്തുണ നൽകി.
സ്വയം സഹായ സംഘങ്ങളെക്കുറിച്ചും പൊലീസ് സ്റ്റേഷനിൽ പരാതി നൽകുന്നതിനെക്കുറിച്ചുമായിരുന്നു ക്ളാസുകൾ. വനിതാ സംവരണ അടക്കം കാലിക പ്രസക്തിയുള്ള വിഷയങ്ങളിൽ ദേശീയ വനിതാ കമ്മിഷൻ ഇടപെടേണ്ടതല്ലേ എന്ന് മന്ത്രി ബിന്ദു കൃഷ്‌ണ ചൂണ്ടിക്കാട്ടിയപ്പോൾ, അതിനുള്ള വേദിയല്ലെന്ന് കമ്മിഷൻ അദ്ധ്യക്ഷ വിജയ് രഹാത്‌കർ മറുപടി പറഞ്ഞു. ഇതിനിടെ ഉത്തരേന്ത്യൻ എം.എൽ.എമാർ 'ജയ്ശ്രീ റാം', 'ഭാരത് മാതാ കീ ജയ്' മുദ്രാവാക്യങ്ങൾ മുഴക്കി ബഹളമുണ്ടാക്കിയെന്ന് ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി.
സംസാരിക്കാൻ പലതവണ മൈക്ക് ആവശ്യപ്പെട്ടിട്ടും അനുവദിച്ചില്ലെന്നും ക്ലാസുകളിലെ സ്ലൈഡുകൾ പൂർണ്ണമായും ഹിന്ദിയിലായിരുന്നുവെന്നും മന്ത്രി കെ.എ. തുളസി പറഞ്ഞു. ആദ്യദിനം പരാതിപ്പെട്ടപ്പോൾ പരിഹരിക്കാമെന്ന് ഉറപ്പുനൽകിയെങ്കിലും രണ്ടാം ദിവസവും ഹിന്ദിയിൽത്തന്നെയാണ് സ്ലൈഡുകൾ അവതരിപ്പിച്ചത്. കേന്ദ്ര അജണ്ട മാത്രം നടപ്പാക്കുന്ന ഒരു സംവിധാനമായി വനിതാ കമ്മിഷൻ മാറിയെന്ന് കേരളത്തിൽ നിന്നുള്ള എം.എൽ.എമാർ ആരോപിച്ചു. ഡൽഹി അതിർത്തിയായ ഫരീദാബാദിൽ നടന്ന ശില്പശാലയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി 350ൽ അധികം ജനപ്രതിനിധികളാണ് പങ്കെടുത്തത്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |