SignIn
Kerala Kaumudi Online
Monday, 29 June 2026 2.14 AM IST

ആറ്റുകാലിലെ യുവതിയുടെ ആത്മഹത്യ ആരതി നേരിട്ടത് ക്രൂര മർദ്ദനം ഭർത്താവ് അതുൽ റിമാൻഡിൽ 

READ ENGLISH VERSION
aa

തിരുവനന്തപുരം: ആറ്റുകാലിലെ വാടകവീട്ടിൽ ആത്മഹത്യചെയ്ത വർക്കല സ്വദേശി ആരതി നേരിട്ടത് ക്രൂര മർദ്ദനമെന്ന് പൊലീസ്. പഴയതും പുതിയതുമായ 13 മുറിവുകളും മർദ്ദനമേറ്റതിന്റെ പാടുകളും പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഭർത്താവ് അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡനം എന്നീ വകുപ്പുകൾ ചേർത്ത് പൊലീസ് കേസെടുത്തു. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

മർദ്ദനവിവരം അതുൽ സമ്മതിക്കുകയായിരുന്നു. ആത്മഹത്യാകുറിപ്പും ആരതിയുടെ ഡയറിയും പൊലീസ് വിശദമായി പരിശോധിച്ചു. മർദ്ദനവിവരം പലരോടും പങ്കുവച്ചിരുന്നെങ്കിലും വിഷമം കേൾക്കാൻ ആരുമില്ലായിരുന്നെന്ന് ആത്മഹത്യാകുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അതുലുമായി ഇനിയും മുന്നോട്ടുപോകാനാകില്ലെന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്. വെള്ളിയാഴ്ചയാണ് മർദ്ദനത്തിന്റെ പാടുകളുടെ ചിത്രങ്ങൾ അമ്മയ്ക്ക് അയച്ച ശേഷം ആരതി വാടകവീട്ടിൽ ജീവനൊടുക്കിയത്.

 വിവരം പങ്കുവച്ചത് നിരവധി തവണ

അമ്മ, അച്ഛൻ, അതുലിന്റെ അമ്മ എന്നിവരോട് മർദ്ദനകാര്യം ആരതി പങ്കുവച്ചിരുന്നു. മാർച്ച് 17നും മുഖത്തും ദേഹത്തും മുറിവേറ്റ ചിത്രങ്ങൾ യുവതി അമ്മയ്ക്ക് അയച്ചിരുന്നു. ആശുപത്രിയിൽ കാണിക്കണമെന്ന് അമ്മ പറഞ്ഞപ്പോൾ, അതുൽ ആശുപത്രിയിൽ കൊണ്ടുപോകില്ലെന്നായിരുന്നു മറുപടി. ചിത്രങ്ങൾ അച്ഛനും അയച്ചിരുന്നതായി പൊലീസ് കണ്ടെത്തി. അതുലിന്റെ അമ്മയോട് പറഞ്ഞപ്പോൾ തൈലം ഇട്ട് തടവാനും ആവശ്യമില്ലാതെ പ്രശ്നത്തിന് പോകരുതെന്നുമായിരുന്നു മറുപടി.

പുതുമോടി മാറും മുമ്പേ മർദ്ദനം

വിവാഹം കഴിഞ്ഞ് മൂന്നാം മാസം മുതൽ ആരതി ഭർതൃപീഡനത്തിന് ഇരയായി. വിവാഹത്തിന് മുമ്പ് മറ്റൊരു യുവതിയുമായി അതുലിന്റെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാൽ ആ യുവതി ദുരൂഹസാഹചര്യത്തിൽ ആത്മഹത്യ ചെയ്തു. ഇക്കാര്യം മറച്ചുവച്ചാണ് ആരതിയുമായുള്ള വിവാഹം. വിവാഹശേഷം മറ്റൊരു യുവതിയുമായി അതുലിനു ബന്ധമുണ്ടെന്ന കാര്യവും അറിഞ്ഞിരുന്നു. ഇത് ആരതി ചോദ്യം ചെയ്തതും പീഡനത്തിന് കാരണമായെന്നാണ് സൂചന.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTUKAL SUICIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA