SignIn
Kerala Kaumudi Online
Thursday, 10 September 2026 10.18 PM IST

കൊടി വിവാദം, എസ്.ഡി.പി.ഐ പിന്തുണ: യു.ഡി.എഫിനെ കടന്നാക്രമിച്ച് എൽ.ഡി.എഫും ബി.ജെ.പിയും

READ ENGLISH VERSION
udf

പിന്തുണ ഉപേക്ഷിച്ചിട്ടും ആളിക്കത്തി വിവാദം

തിരുവനന്തപുരം: വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ കോൺഗ്രസ്, ലീഗ് കൊടികൾ ഒഴിവാക്കിയതിനെതിരെ

എൽ.ഡി.എഫും എസ്.ഡി.പി.ഐ പിന്തുണ പ്രശ്നത്തിൽ ഇടതിനുപുറമെ ബി.ജെ.പിയും കടന്നാക്രമണം രൂക്ഷമാക്കിയതോടെ, യു.ഡി.എഫ് പ്രതിരോധത്തിൽ. എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് യു.ഡി.എഫ് പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തിൽ തുടരുന്ന ഭിന്നതയും മുന്നണിയെ വലയ്ക്കുന്നു. കേരളത്തിലെ വിധിയെഴുത്തിന് 20 ദിവസം ശേഷിക്കെയാണ്, പൗരത്വ ഭേദഗതി നിയമത്തെയും പിന്തള്ളി ഈ വിഷയങ്ങൾ പ്രചാരണത്തിൽ മുൻകൈ നേടിയത്.

രാഹുൽ ഗാന്ധിയുടെ പത്രിക സമർപ്പണത്തിന് മുന്നോടിയായി ബുധനാഴ്ച കൽപ്പറ്റയിൽ നടത്തിയ റോ‌ഡ് ഷോയിൽ പാർട്ടി പതാകകൾ ഒഴിവാക്കിയതാണ് വിവാദമായത്. 2019ൽ രാഹുൽ ഗാന്ധി ഇതുപോലെ വയനാട്ടിൽ നടത്തിയ റോഡ് ഷോയിൽ കോൺഗ്രസിന്റെയും മുസ്ലിം ലീഗിന്റെയും കൊടികൾ ഉപയോഗിച്ചിരുന്നു. പാകിസ്ഥാന്റെ ദേശീയ പതാകയോട് ചില സാമ്യങ്ങളുള്ള മുസ്ലിം ലീഗിന്റെ കൊടിയെ ലീഗ് സാന്നിദ്ധ്യമില്ലാത്ത ഉത്തരേന്ത്യയിൽ പാകിസ്ഥാന്റെ കൊടിയായിട്ടാണ് അന്ന് ബി.ജെ.പി വ്യാപകമായി പ്രചരിപ്പിച്ചത്. രാഹുൽ ഗാന്ധിയുടെ മത്സരം പാകിസ്ഥാനിൽ നിന്നാണോ എന്നുവരെ ചോദിച്ച് ബി.ജെ.പി നേതാക്കൾ നടത്തിയ ആക്രമണം അമേഠി മണ്ഡലത്തിൽ രാഹുൽ ഗാന്ധിയുടെ തോൽവിക്ക് വരെ കാരണമായെന്ന് ശ്രുതി പരന്നിരുന്നു. അത്തരം വിവാദം ഒഴിവാക്കാനാണ് ഇത്തവണ കൊടി വേണ്ടെന്ന് തീരുമാനിച്ചത്.

കോൺഗ്രസിന്റെയും ലീഗിന്റെയും കൊടി രാഹുൽ ഗാന്ധിയുടെ റോഡ് ഷോയിൽ ഒഴിവാക്കിയത് ബി.ജെ.പി.യെയും ആർ.എസ്.എസിനെയും ഭയന്നാണെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ വിമർശിച്ചത്. ദേശീയ പതാകയുടെ ചരിത്ര പ്രാധാന്യം വിവരിച്ച മുഖ്യമന്ത്രി, സ്വന്തം പാർട്ടി പതാക പോലും പ്രദർശിപ്പിക്കുന്നതൽ ഭീരുത്വം കാട്ടുന്ന കോൺഗ്രസിന്റെ ഇന്നത്തെ നേതാക്കൾ പാർട്ടിയുടെ ആത്മാഭിമാനത്തെയാണ് അടിയറ വച്ചതെന്ന് ആരോപിച്ചു. ലീഗിന്റെ കൊടി രാജ്യത്തെ അംഗീകൃത രാഷ്ട്രീയ പാർട്ടിയുടേതാണെന്ന് എന്തുകൊണ്ട് പറഞ്ഞുകൂടാ എന്ന് ചോദിച്ച അദ്ദേഹം, 'ലീഗിന്റെ വോട്ടുവേണം, കൊടി വേണ്ട" എന്നുപറഞ്ഞ് ലീഗ് നേതൃത്വത്തെയും പരിഹസിച്ചു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് വ്യക്തമായ മറുപടി നൽകാൻ കോൺഗ്രസിനും ലീഗിനും കഴിയാതായി.

ബി.ജെ.പിക്ക് ദേശീയ

തലത്തിൽ ആയുധം

യു.ഡി.എഫിനു എസ്.ഡി.പി.ഐ പിന്തുണ പ്രഖ്യാപിച്ചത് ബുധനാഴ്ച തന്നെ എൽ.ഡി.എഫിനു പുറമെ ബി.ജെ.പിയും ആയുധമാക്കിയിരുന്നു. മുസ്ലിം തീവ്രവാദ സംഘടനയുമായുള്ള യു.ഡി.എഫിന്റെ അവിശുദ്ധ കൂട്ടുകെട്ടായി സി.പി.എം ഇതിനെ വ്യാഖ്യാനിച്ചപ്പോൾ, മോദി സർക്കാർ നിരോധിച്ച പോപ്പുലർ ഫണ്ടുമായി കോൺഗ്രസ് കൈ കോർക്കുന്നുവെന്നാണ് ബി.ജെ.പി ആരോപണമുന്നയിച്ചത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിഷയം ഏറ്റെടുത്തതോടെ കോൺഗ്രസ് പ്രതിരോധത്തിലായി. തുടർന്നാണ് എസ്.ഡി.പി.ഐ പിന്തുണ വേണ്ടെന്ന് ഇന്നലെ യു.ഡി.എഫ് നേതൃത്വം പ്രഖ്യാപിച്ചത്.

എന്നാൽ ഇക്കാര്യത്തിൽ യു.ഡി.എഫിലെ കല്ലുകടിയും പ്രകടമായി. എസ്.ഡി.പി.ഐ പിന്തുണയിൽ തെറ്റില്ലെന്ന് കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ.സുധാകരനും കൊല്ലത്തെ ആർ.എസ്.പി സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രനും വ്യക്തമാക്കി. എസ്.ഡി.പി.ഐയുടെ പിന്തുണ സംഘടനാപരമായി വേണ്ടെങ്കിലും വ്യക്തിപരമായി സ്ഥാനാർത്ഥികൾക്ക് ആരുടെ വോട്ടും സ്വീകരിക്കാമെന്ന പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്റെ വിശദീകരണം ഒളിച്ചുകളിയായാണ് എതിർ പക്ഷം വ്യാഖ്യാനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA