SignIn
Kerala Kaumudi Online
Thursday, 10 September 2026 2.13 AM IST

3 ഗവ. ആയുർവേദ കോളേജുകളിൽ ആദ്യ കേന്ദ്ര അലോട്ട്മെന്റ് തടഞ്ഞു

aa

തിരുവനന്തപുരം: മതിയായ സൗകര്യങ്ങളും ആവശ്യത്തിന് അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളുമില്ലാത്തത് ചൂണ്ടിക്കാട്ടി ബി.എ.എം.എസ് കോഴ്സിന്റെ സീറ്റുകൾ വെട്ടിക്കുറച്ചു. തിരുവനന്തപുരം ഗവ. ആയുർവേദ കോളേജിൽ 4 സീറ്റുകളാണ് കുറച്ചത്. പി.ജി കോഴ്സുകളിൽ ഒരു സീറ്റും കുറച്ചു. അനുവദിച്ച 66 ബിരുദ സീറ്റുകളിലും 12 പി.ജി കോഴ്‌സുകളിലെ 75 സീറ്റുകളിലും 15ശതമാനം അഖിലേന്ത്യാ ക്വോട്ടയാണ്. നേരത്തേ അപര്യാപ്തകൾ ചൂണ്ടിക്കാട്ടി ആവശ്യപ്പെട്ട സത്യവാങ്മൂലം നൽകാത്തതിനാലാണ് സീറ്റുകൾ വെട്ടിക്കുറയ്ക്കാൻ നാഷണൽ കമ്മിഷൻ ഫോർ ഇന്ത്യൻ സിസ്റ്റംസ് ഒഫ് മെഡിസിൻ തീരുമാനിച്ചത്.

അദ്ധ്യാപകരില്ലാത്തതടക്കം അപര്യാപ്തകൾ പരിഹരിക്കാമെന്ന് സത്യവാങ്മൂലം നൽകാത്തതിനാൽ അഖിലേന്ത്യാ ക്വോട്ടയിലെ ആദ്യ അലോട്ട്മെന്റിൽ കേരളത്തിലെ തിരുവനന്തപുരം, തൃപ്പൂണിത്തുറ, കണ്ണൂർ ഗവ. കോളേജുകൾ ഒഴിവാക്കപ്പെട്ടു. വിദ്യാർത്ഥികൾ മറ്റ് സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വന്നു. രണ്ടാം അലോട്ട്മെന്റിലെങ്കിലും ഉൾപ്പെടുത്താൻ സർക്കാർ സമ്മർദ്ദം ചെലുത്തേണ്ടി വരും.

5 കോളേജുകളിൽ 490 പുതിയ

തസ്തികകൾക്ക് ശുപാർശ

സംസ്ഥാനത്തെ മൂന്ന് സർക്കാർ, രണ്ട് എയ്ഡഡ് കോളേജുകളിൽ 490 തസ്തികകൾ അധികമായി സൃഷ്ടിക്കണമെന്ന് ആയുർവേദ വിദ്യാഭ്യാസ ഡയറക്ടർ സർക്കാരിന് ശുപാർശ നൽകി. കോളേജുകളിൽ മെഡിക്കൽ കോളേജുകളിലേതിന് സമാനമായ തസ്തികകൾ വേണമെന്നാണ് കേന്ദ്ര കമ്മിഷന്റെ നിർദ്ദേശം. അദ്ധ്യാപക, പാരാമെഡിക്കൽ, മൾട്ടിപർപ്പസ് വർക്കേഴ്സ് അടക്കമുള്ള തസ്തികകൾ സൃഷ്ടിക്കാനാണ് ശുപാർശ.

തിരുവനന്തപുരം ആയുർവേദ കോളേജിൽ പരിശോധന നടത്തിയ കേന്ദ്ര കമ്മിഷൻ, പഞ്ചകർമ വിഭാഗത്തിലുൾപ്പെടെ പിജി കോഴ്സിനാവശ്യമായ അധ്യാപകരില്ലാത്തത് അടിയന്തരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ,ആയുഷ് ഡയറക്ടറും ആരോഗ്യ വകുപ്പും ഇക്കാര്യത്തിൽ വേണ്ട നടപടി സ്വീകരിക്കാൻ തയ്യാറായില്ല. ഇതേതുടർന്ന് കമ്മിഷൻ, ആയുഷ് ഡയറക്ടറും ആരോഗ്യ വകുപ്പ് സെക്രട്ടറിയും അപാകതകൾ അടിയന്തരമായി പരിഹരിക്കാമെന്നുള്ള സത്യവാങ്മൂലം 100 രൂപ മുദ്രപത്രത്തിൽ സെപ്തംബർ മൂന്നിനകം നൽകണമെന്ന് നിർദ്ദേശിച്ചു. ഇത് ഇ മെയിലിലൂടെ നൽകിയാൽ മതിയായിരുന്നു.മൂന്നാം തീയതി അയയ്ക്കേണ്ടിയിരുന്ന സത്യവാങ്മൂലം ഏഴിന് അയച്ചതായാണ് അധികൃതരുടെ വിശദീകരണം. വെട്ടിക്കുറച്ച ബി.എ.എം.എസ്,പി.ജി സീറ്റുകൾ പുന:സ്ഥാപിക്കാനും സർക്കാർ അടിയന്തരമായി ഇടപെടേണ്ടതുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BAMS COURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA