SignIn
Kerala Kaumudi Online
Wednesday, 09 September 2026 11.59 PM IST

ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി യുവാവിനും മകനും ദാരുണാന്ത്യം

1

കുളത്തൂർ (തിരുവനന്തപുരം)​: പൊടുന്നനെ നിറുത്തിയ കെ.എസ്.ആർ.ടി.സി ബസിനു പിന്നിൽ സ്കൂട്ടർ ഇടിച്ചുകയറി യുവാവും അഞ്ചുവയസുള്ള മകനും ദാരുണമായി മരിച്ചു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൃശൂർ പാഴായി പനിയത്ത് വീട്ടിൽ റിട്ട. ജില്ലാ സഹകരണ ബാങ്ക് മാനേജർ പരേതനായ ശശിധരമേനോന്റെ മകൻ രാജേഷ് (36), രാജേഷിന്റെ മകൻ ഋത്വിക് (5) എന്നിവരാണ് മരിച്ചത്. രാജേഷിന്റെ ഭാര്യ ഇരിങ്ങാലക്കുട മാടായിക്കോണം സ്വദേശിനി സുജിത (28)യ്ക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയ്ക്ക് 12.40 ന് കഴക്കൂട്ടം കോവളം ബൈപാസിൽ ഇൻഫോസിസിനു സമീപം ഗുരുനഗർ ജംഗ്‌ഷനിലാണ് അപകടം.

ബൈപാസ് വഴി കിഴക്കേകോട്ട-വെഞ്ഞാറമൂട് റൂട്ടിൽ സർവീസ് നടത്തുന്ന കെ.എസ്.ആർ.ടി.സി സിറ്റിഫാസ്റ്റ് ബസിന്റെ പിന്നിലാണ് അതേ ദിശയിൽ പിന്നാലെയെത്തിയ ആക്ടിവ സ്‌കൂട്ടർ ഇടിച്ചത്. ബസ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കാനായി ബസ്‌ പെട്ടെന്ന് നിറുത്തിയതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് കരുതുന്നത്. സുജിത റോഡിലേക്ക് തെറിച്ചുവീഴുകയും രാജേഷും മകനും സ്‌കൂട്ടറിനൊപ്പം ബസിനടിയിൽ കുരുങ്ങുകയുമായിരുന്നു. ഓടിയെത്തിയ നാട്ടുകാർ ബസിന്റെ പിൻഭാഗം ഉയർത്തി ഇരുവരെയും പുറത്തെടുത്ത് അതുവഴി വന്ന ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

എറണാകുളം കേന്ദ്രീകരിച്ചുള്ള അലൂമിനിയം കമ്പനിയുടെ തിരുവനന്തപുരം റീജിയണൽ മാർക്കറ്റിംഗ് വിഭാഗം ജീവനക്കാരനായിരുന്നു രാജേഷ്. നാലു വർഷമായി രാജേഷും കുടുംബവും ബാലരാമപുരത്തിനു സമീപം മുടവൂർപ്പാറയിലുള്ള തിരുവാതിര വീട്ടിലാണ് താമസിച്ചുവന്നത്. ജോലിക്കു പോകുംമുമ്പ് ഭാര്യയെയും മകനെയും കിളിമാനൂരിലുള്ള ഭാര്യയുടെ കൂട്ടുകാരിയുടെ വീട്ടിലേക്ക് വിടാൻ പോകുമ്പോഴായിരുന്നു അപകടം. തുമ്പ പൊലീസ് കേസെടുത്തു. ബസ് പൊലീസ് സ്റ്റേഷനിലേക്കു മാറ്റി. രാജേഷിന്റെയും ഋത്വികിന്റെയും മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. തൃശൂരിൽ നിന്ന് ബന്ധുക്കളെത്തിയശേഷം മൃതദേഹങ്ങൾ പോസ്റ്രുമോർട്ടം പൂർത്തിയാക്കി വിട്ടുനൽകും. രാജേഷിന്റെ മാതാവ്: രമാദേവി. സഹോദരങ്ങൾ: രാഗേഷ്, ശ്യാം പ്രസാദ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA