തിരുവനന്തപുരം: ചികിത്സിച്ച് ഭേദമാക്കിയാലും കാൻസർ വീണ്ടും വരുന്നതിന്റെ കാരണം ആരോഗ്യശാസ്ത്ര ഗവേഷണ സ്ഥാപനമായ ബ്രിക് - രാജീവ് ഗാന്ധി സെന്റർഫോർ ബയോടെക്നോളജിയിലെ ഗവേഷകർ കണ്ടെത്തി. ലോകത്ത് ആദ്യമായാണ് ഈ കണ്ടെത്തൽ. പ്രതിവിധിയായി മരുന്നു വികസിപ്പിക്കാനുള്ള പ്രയത്നത്തിലാണ് ഗവേഷക സംഘം. ലോകത്തിനാകെ പ്രതീക്ഷ നൽകുന്നതാണ് ഈ കണ്ടുപിടിത്തം.
ഡോ.ടെസ്സിതോമസ് മാളിയേക്കലും രേഷ്മാരാജും നേതൃത്വം നൽകുന്ന ഗവേഷകരുടെ സംഘമാണ് ഈ നേട്ടം കൈവരിച്ചത്. മനുഷ്യകോശത്തിന് പുറത്തുകാണുന്ന ചില പ്രോട്ടീൻ ആവരണങ്ങളാണ് കാൻസർ വീണ്ടും പിടിപെടാൻ ഇടവരുത്തുന്നതെന്നാണ് കണ്ടെത്തൽ.
ടെസ്സിയുടെയും രേഷ്മയുടെയും കണ്ടെത്തൽ ലോകത്തെ പ്രമുഖ ശാസ്ത്ര പ്രസിദ്ധീകരണമായ സെൽ കമ്മ്യൂണിക്കേഷൻ ആൻഡ് സിഗ്നലിംഗ് ജേർണലിൽ പ്രസിദ്ധീകരിച്ചതായി രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി ഡയറക്ടർ ഡോ.ബീനാപിള്ള അറിയിച്ചു.
ഇനി മരുന്നിലേക്ക് അതിവേഗം
1. ചികിത്സയിലൂടെ കാൻസർ കോശങ്ങൾ ഇല്ലാതാകുന്നില്ല. അവ നിർജ്ജീവാസ്ഥയിലാവുകയാണ്.കോശത്തെ പൊതിഞ്ഞിരിക്കുന്ന ആവരണത്തിലെ ചില പ്രോട്ടീനുകൾ ഈ നിർജ്ജീവ കാൻസർ കോശങ്ങളെ വീണ്ടും സജീവമാക്കും. സജീവമാകുന്ന കാൻസർ കോശങ്ങൾ പഴയതിലും പതിൻമടങ്ങ് ശക്തിയാർജ്ജിച്ച് മനുഷ്യശരീരത്തിൽ പടരും. ആദ്യംവന്ന കാൻസറിനേക്കാൾ മാരകമായിരിക്കും ഇത്. നിലവിലുള്ള മരുന്നുകൾക്കു പ്രതിരോധിക്കാനാവുന്നില്ല.
2. കോശത്തിന് പുറത്തുള്ള പ്രോട്ടീൻ ആവരണങ്ങൾക്ക് കാൻസർ രോഗബാധയുള്ള നിർജീവ കോശങ്ങളുമായി ബന്ധപ്പെടാനാകാത്ത സാഹചര്യമുണ്ടാക്കിയാൽ കാൻസർ രോഗത്തിന്റെ രണ്ടാംവരവിനെ തടയാനാകും എന്നതാണ് സുപ്രധാന കണ്ടെത്തൽ.
3. കോശാവരണത്തിലെ എഫ്.എ.2,എബ്രിൻ 1ബി തുടങ്ങിയ പ്രോട്ടീനുകളാണ് കാൻസർ രോഗകോശങ്ങളെ സഹായിക്കുന്നതെന്നും കണ്ടെത്തി. കോശാവരണത്തിലെ ഈ പ്രോട്ടീനുകൾ കാൻസർ രോഗകോശങ്ങളെ ബന്ധപ്പെടുന്നത് മരുന്നുകൊണ്ട് തടയാൻ കഴിയുമെന്നും കണ്ടെത്തി. ഈ മരുന്ന് പൂർണമായി പരീക്ഷിച്ച് വിജയിപ്പിക്കുകയാണ് ഗവേഷണത്തിന്റെ അടുത്ത ഘട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |