
കൊച്ചി: ജൂതപ്പള്ളി തീവയ്പ്പിന് നിർദ്ദേശം നൽകിയ 'ബോസിനെ' തിരിച്ചറിയാൻ അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകിട്ടിയ പ്രതി എബിൻ പോളിനെ കേന്ദ്ര ഏജൻസികളുടെ സാന്നിദ്ധ്യത്തിൽ പൊലീസ് ചോദ്യം ചെയ്തുതുടങ്ങി. എറണാകുളം സെൻട്രൽ അസിസ്റ്റന്റ് സിറ്റി പൊലീസ് കമ്മിഷണറുടെ ഓഫീസിൽ കനത്ത സുരക്ഷയിലാണ് ചോദ്യംചെയ്യൽ. കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ (ഐ.ബി), ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ), കേന്ദ്ര സ്പെഷ്യൽ ബ്യൂറോ, സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥർ എന്നിവർ ഒരുമിച്ചിരുന്നാണ് വിവരങ്ങൾ ശേഖരിക്കുന്നത്.
ചോദ്യങ്ങളോട് പ്രതി സഹകരിക്കുന്നുണ്ടെങ്കിലും നിർണായക വെളിപ്പെടുത്തലുകളൊന്നും നടത്തിയില്ല. ഇന്നോ നാളയോ ജൂതപ്പള്ളിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും.
ബോസുമായി ടെലഗ്രാം, ഇൻസ്റ്റഗ്രാം ചാറ്റുകളിലൂടെ മാത്രമാണ് സമ്പർക്കം പുലർത്തിവന്നതെന്ന മൊഴി എബിൻ ആവർത്തിച്ചു. മൂവാറ്റുപുഴയിലെ കാർ ഷോറൂമിൽ നടത്തിയ പെട്രോൾ ബോംബേറും എറണാകുളം മാർക്കറ്റ് റോഡിലെ ജൂതപ്പള്ളിയിലെ തീവയ്പ്പും പണത്തിനുവേണ്ടി ചെയ്തതാണെന്ന മൊഴിയിൽ പ്രതി ഉറച്ചു നിൽക്കുകയാണ്.
ഇയാളുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്ത ലാപ്ടോപ്പിലടക്കം പാക് ഭീകരസംഘടനകളുമായി ബന്ധപ്പെടുത്തുന്ന നിർണായ വിവരങ്ങളുണ്ടെന്നാണ് സൂചന. ഇത് വിശദമായി പരിശോധിക്കും. ഇയാളുടെ വിദേശബന്ധങ്ങളും അന്വേഷണ പരിധിയിലുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |