SignIn
Kerala Kaumudi Online
Saturday, 17 October 2026 1.43 AM IST

കിഫ്ബി ഭൂമിക്കൊള്ളയിൽ വിജിലൻസ് എത്തും,​ 2074 ഏക്കർ കുന്നുപ്രദേശം വാങ്ങിയത് അനുമതിയില്ലാതെ

READ ENGLISH VERSION

1


 ഏറ്റെടുത്തത് ഏക്കറിന് 2.49 കോടിക്ക്

തിരുവനന്തപുരം: അനുമതിയില്ലാതെ കണ്ണൂരിൽ 2074 ഏക്കർ കുന്നുപ്രദേശം കൊള്ളവിലയ്‌ക്ക് കിഫ്ബി വാങ്ങിയതിൽ വിജിലൻസ് അന്വേഷണം വന്നേക്കും. സി.എ.ജിയുടെ സമഗ്ര ഓഡിറ്റിംഗിനും സർക്കാർ ശുപാർശ ചെയ്യും. മുൻസർക്കാരാണ് ഏക്കറിന് 2.49 കോടി രൂപയ്‌ക്ക് ഭൂമിയെടുത്തത്.

ഒരു പദ്ധതിയുമില്ലാതിരുന്നിട്ടും കിഫ്ബി മുൻ സി.ഇ.ഒ കെ.എം.എബ്രഹാമിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് ബോർഡ് ഭരണാനുമതി നൽകിയത്. ഭൂമി വാങ്ങാൻ മന്ത്രിസഭ തീരുമാനിച്ചിരുന്നില്ല. ധനവകുപ്പിന്റെ അംഗീകാരവുമുണ്ടായിരുന്നില്ല. ഇതൊന്നുമില്ലാതെ കിഫ്ബിക്ക് ഭരണാനുമതി നൽകാനാവില്ല. കിൻഫ്രയായിരുന്നു ഭൂമി ഏറ്റെടുത്തത്. എബ്രഹാമിന്റെ കത്തിന്റെ അടിസ്ഥാനത്തിൽ വ്യവസായവകുപ്പ് കണ്ണൂർ, പാലക്കാട് ജില്ലകളിൽ 12,727 കോടിയുടെ ഭൂമിയേറ്റെടുപ്പിന് ഭരണാനുമതി നൽകിയിരുന്നു. ഇതിനായി ഹഡ്കോയിൽ നിന്ന് ഒമ്പത് ശതമാനം പലിശയ്ക്ക് വായ്പയെടുത്തു. കണ്ണൂരിൽ ഇരിട്ടിയിലെ കോളാരിയിൽ 1044 എക്കറും, കൂടാലിയിൽ 1030 ഏക്കറുമാണ് ഏറ്റെടുത്തത്. ഇതിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് 12.93ഏക്കറും കിൻഫ്ര ഐ.ടിപാർക്കിന് 50 ഏക്കറും നീക്കിവച്ചതൊഴിച്ചാൽ ബാക്കി കാടുമൂടി കിടക്കുകയാണ്. വിഴിഞ്ഞത്ത് 500 ഏക്കറേറ്റെടുക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചെങ്കിലും ഒഴിവാക്കപ്പെട്ടു. ഭൂമി ഏറ്റെടുക്കലിന് പിന്നിൽ രാഷ്ട്രീയ സ്വാധീനമുള്ള സ്വകാര്യ വ്യക്തികളുടെയും ഇടപെടലുണ്ട്.

 പട്ടന്നൂരിൽ ഭൂമി എടുക്കാമെന്ന് ബഡ്ജറ്റ്

കണ്ണൂരിലെ പട്ടന്നൂരിൽ 1000 ഏക്കറേറ്റെടുക്കാനുള്ള പ്രഖ്യാപനം ബഡ്ജറ്റിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കിൻഫ്ര എം.ഡിക്ക്, കിഫ്ബി സി.ഇ.ഒ കത്തയച്ചിരുന്നു. തുടർന്ന് കിൻഫ്രയുടെ കുറിപ്പിന്റെ അടിസ്ഥാനത്തിൽ കണ്ണൂരിൽ 4896 ഏക്കർ ഏറ്റെടുക്കാനായിരുന്നു ശ്രമം. 2489 കോടി കിൻഫ്രയ്ക്ക് കൈമാറിയിട്ടുമുണ്ട്. തുടർന്ന് കിൻഫ്രയും സർക്കാരുമായി കിഫ്ബി ത്രികക്ഷികരാറുമുണ്ടാക്കി.
ഏറ്റെടുത്ത ഭൂമി വെറുതെയിട്ടശേഷം, 9572 കോടിക്ക് 3829ഏക്കർ ഏറ്റെടുക്കാൻ കൂടി കിഫ്ബി വിജ്ഞാപനമിറക്കി. 12 ശതമാനം പലിശയടക്കം കണക്കാക്കുമ്പോൾ ഭൂമിയേറ്റെടുക്കൽ ചെലവ് 15000 കോടിയാവും.

 കൊള്ള മറയ്ക്കാൻ കേന്ദ്രത്തെ കൂട്ടുപിടിച്ചു

 ഭൂമിക്കൊള്ളയുടെ തീവ്രത കുറയ്ക്കാൻ വ്യവസായപാർക്കുകൾ വികസിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ 'ഭവ്യ"പദ്ധതിയിലും അപേക്ഷിച്ചു. രണ്ടാംപിണറായി സർക്കാരാണ് വ്യവസായ എസ്റ്റേറ്റിന് സഹായം തേടിയത്.

 'ഭവ്യ" പദ്ധതിയിൽ ഏക്കറിന് പരമാവധി ഒരുകോടി രൂപയ്‌ക്കേ ഭൂമിയേറ്റെടുക്കാനാവൂ. കണ്ണൂരിലിത് 2.49 കോടിയാണ്. കേന്ദ്രസഹായം ഇതുവരെ ലഭിച്ചതായി സൂചനയില്ല.

 ആറുവർഷത്തിനിടെ പലിശയിനത്തിൽ കോടികളുടെ നഷ്ടമുണ്ടായി. ഭൂമി വിറ്റാലും മുടക്കിയതിന്റെ അഞ്ചിലൊന്നുപോലും കിട്ടില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KIFBI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA