SignIn
Kerala Kaumudi Online
Tuesday, 08 September 2026 1.30 AM IST

കെ.അച്യുതൻ; ആറു പതിറ്റാണ്ട് ചിറ്റൂരിൻ്റെ പര്യായം

s

പാലക്കാട്: കെ.അച്യുതൻ എന്ന ജനകീയ നേതാവ് വിടപറയുമ്പോൾ കേരള രാഷ്ട്രീയത്തിൽ അസ്തമിക്കുന്നത് ഒരു യുഗം കൂടിയാണ്. അതിന് കാരണമുണ്ട്. 1970 കാലം.​ കോൺഗ്രസിന് ചിറ്റൂരിൽ കാര്യമായി വേരുകളില്ല. അന്നാണ് കോൺഗ്രസിൽ നിന്ന് ഈ ചെറുപ്പക്കാരൻ ഉയർന്നുവന്നത്. യൂത്ത് കോൺഗ്രസ് ചിറ്റൂർ മണ്ഡലം സമ്മേളനം നടത്തിയായിരുന്നു രാഷ്ട്രീയരംഗപ്രേവശനം. ജില്ലയിലെ യുവനേതാക്കളായ കെ.എ.ചന്ദ്രൻ,​ കെ.ശങ്കരനാരായണൻ, വി.സി.കബീർ എന്നിവർ യൂത്ത് കോൺഗ്രസിലെ നേതൃനിര അലങ്കരിക്കുന്ന കാലത്താണ് 18 കാരനായ കെ.അച്യുതൻ ചിറ്റൂർ രഷ്ട്രീയത്തിൽ തിളങ്ങുന്നത്. യുവ ആവേശത്തിൽ കത്തിക്കയറിയ കോൺഗ്രസ് വികാരവുമായി ആറുപതിറ്റാണ്ട് ചിറ്റൂരിലെ കോൺഗ്രസ് രാഷ്ട്രീയത്തിന്റെ പര്യായമായി മാറി.

ചിറ്റൂരിലെ ചാലക്കളം തറവാട്ടിൽ അങ്ങനെ കേരളത്തിലെ രാഷ്ട്രീയനേതാക്കളുടെ കാൽപാദം പതിഞ്ഞു. മുതിർന്നനേതാക്കളെല്ലാം അച്യുതനെ തേടിയെത്തി. അവരിൽ ഭൂരിഭാഗവും ഇന്ദിരാഗാന്ധിയുടെ പക്ഷക്കാരായിരുന്നു. 1968ൽ ചിറ്റൂരിലെ യൂത്ത് കോൺഗ്രസ് സമ്മേളനത്തിലാണ് ഇന്ദിരാപക്ഷത്തോടുള്ള കൂറ് അച്യുതൻ തുറന്നുപറയുന്നത്. ഇന്ദിരാഗാന്ധിയോടുള്ള ഇഷ്ടമാണ് ഇന്ദിരാ കോൺഗ്രസിലേക്ക് അടുപ്പിച്ചത്. വി.സി.കബീറും ചിറ്റൂരിലെ മിക്ക നേതാക്കളും അച്യുതനൊപ്പം നിലയുറപ്പിച്ചു. കെ.പി.സി.സി അംഗം ആയതൊഴിച്ചാൽ പിന്നീട് കോൺഗ്രസ് രാഷ്ട്രീയത്തിൽ അച്യുതന് കാര്യമായ റോളൊന്നും ഉണ്ടായിരുന്നില്ല.

അവസരങ്ങൾ പലതും ഉപേക്ഷിച്ചു. കോൺഗ്രസിലെ എ-ഐ ഗ്രൂപ്പ് വഴക്കുകളിൽ നിഷ്പക്ഷനായി. കെ.കരുണാകരനോടെന്ന പോലെ എ.കെ.ആൻ്റണിയോടും ഉമ്മൻചാണ്ടിയോടും അടുപ്പമുണ്ടായിരുന്നു. ചിറ്റൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച് 1996, 2001, 2006, 2011 വർഷങ്ങളിൽ നിയമസഭയിലെത്തി. ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും നിരസിക്കുകയായിരുന്നു. ചിറ്റൂരിനപ്പുറം ഒരു ലോകവും അദ്ദേഹത്തെ ആകർഷിച്ചിട്ടില്ലെന്നതാണ് യാഥാർത്ഥ്യം. 2016ലെ അവസാനമത്സരത്തിൽ മാത്രമാണ് പരാജയപ്പെട്ടത്. അതും ചിറ്റൂരിലെ മറ്റൊരു അതികായകനായ കെ.കൃഷ്ണൻകുട്ടിയോട്.

ചിറ്റൂർ-തത്തമംഗലം നഗരസഭയെ കോൺഗ്രസിൻ്റെ ഉറച്ച കോട്ടയാക്കുന്നതിലും നഗരസഭയുടെ സാരഥ്യം 1980കൾ മുതൽ വഹിക്കുന്നതിലും അച്യുതൻ്റെ ചാണക്യതന്ത്രമുണ്ടായിരുന്നു. കർഷകരെ സംഘടിപ്പിച്ചും യുവാക്കളെ അണിനിരത്തിയും തുടങ്ങിയ രാഷ്ട്രീയജീവിതമാണ് അവസാനിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHANDI OMMEN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA