SignIn
Kerala Kaumudi Online
Monday, 07 September 2026 1.59 AM IST

മദ്യലഹരിയിൽ കാറോടിച്ച് ബുള്ളറ്റിലിടിച്ച് മൂന്നംഗകുടുംബത്തിന് ദാരുണാന്ത്യം കാർ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ കേസ്

READ ENGLISH VERSION
photo

തൃശൂർ: കയ്പമംഗലത്തെ എട്ടു വിദ്യാർത്ഥികളുടെ ദാരുണാന്ത്യത്തിന് പിന്നാലെ,​ ഡ്രൈവർ മദ്യലഹരിയിൽ കാറോടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റിൽ സഞ്ചരിച്ച ഒരു കുടുംബത്തിലെ മൂന്നംഗങ്ങൾക്ക് ദാരുണാന്ത്യം. മരിച്ചവരിൽ അഞ്ചുമാസം ഗർഭിണിയായ സ്ത്രീയും. കാർ ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ്. ശനിയാഴ്ച രാത്രി 11.40ന് കുന്നംകുളം ആർത്താറ്റ് പള്ളിക്ക് സമീപം കുറുക്കൻപാറ സെന്ററിലെ അപകടത്തിൽ ചാവക്കാട് എടക്കഴിയൂർ ഖാദിരിയ റോഡ് സ്വദേശി താഴത്ത് വീട്ടിൽ നൂറുദ്ദീന്റെ മകൻ മുനീർ (35), ഭാര്യ ഷിഫ്‌ന (24), മകൻ എമിൽ ഐബക്ക് എന്നിവരാണ് മരിച്ചത്. മദ്യലഹരിയിലായ നാലംഗ സംഘം, അമിതവേഗത്തിൽ ഓടിച്ച കാർ നിയന്ത്രണം വിട്ട് കുടുംബം സഞ്ചരിച്ച ബുള്ളറ്റിലിടിച്ച് സമീപത്തെ ഇലക്ട്രിക് പോസ്റ്റും തകർത്ത് മീറ്ററുകളോളം മുന്നോട്ടുപോയാണ് നിന്നത്. മരത്തംകോട്ടെ മുനീറിന്റെ കുഞ്ഞുമ്മയുടെ മകളുടെ വിവാഹത്തലേന്നുള്ള ചടങ്ങിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ റോഡരികിൽ വാഹനം നിറുത്തി മുനീർ ഫോണിൽ സംസാരിക്കുമ്പോഴായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ മൂവരെയും 30-35 മീറ്റർ അകലെ മതിലിനപ്പുറത്തെ പറമ്പിൽ നിന്നാണ് നാട്ടുകാർ പുറത്തെടുത്തത്. മുനീർ തത്ക്ഷണം മരിച്ചു. സൗദിയിൽ ജോലി ചെയ്തിരുന്ന മുനീർ ഒരു മാസം മുമ്പാണ് അവധിക്കെത്തിയത്. നന്മ ആംബുലൻസ് പ്രവർത്തകരും നാട്ടുകാരും ചേർന്ന് പരിക്കേറ്റവരെ ദയ റോയൽ, മലങ്കര ആശുപത്രികളിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മലങ്കര, റോയൽ ദയ ആശുപത്രികളിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. വെള്ളിയാഴ്ച അർദ്ധരാത്രിയാണ് കയ്പമംഗലത്ത് ദേശീയപാതയിൽ നിറുത്തിയിട്ട ലോറിക്ക് പിറകിൽ കാറിടിച്ച് ഡിണ്ടിഗലിലെ 8 എൻജിനിയറിംഗ് വിദ്യാർത്ഥികൾ മരിച്ചത്

 ഡ്രൈവർ ഒളിവിൽ, ജാമ്യമില്ലാ കേസ്

കാറിൽ ആർത്താറ്റ് സ്വദേശി ബെൻ ഉൾപ്പെടെ നാലുപേരായിരുന്നു. നാലുപേരും മദ്യലഹരിയിലായിരുന്നു. കാർ ഓടിച്ചിരുന്ന കുന്നംകുളം സ്വദേശി ബെൻ ഒളിവിലാണ്. ഇയാൾക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കാറിലുണ്ടായിരുന്ന അർത്താറ്റ് സ്വദേശികളായ അജിത്ത്, ഷിജിൻ, ഡാനിഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അപകടത്തിൽ നേരിയ പരിക്കേറ്റ ഷിജിൻ ചികിത്സ തേടി. കാർ അമിതവേഗത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ACCIDENT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA