
കണ്ണൂർ: സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെ.കെ രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ നിയമനക്കേസിൽ കണ്ണൂർ സർവകലാശാല നിലപാട് മാറ്റി.
അസോസിയേറ്റ് പ്രൊഫസറായുള്ള പ്രിയയുടെ നിയമനം സുതാര്യമായിരുന്നില്ലെന്നും മതിയായ യോഗ്യതയില്ലെന്നുമുള്ള പുതിയ നിലപാട് കോടതിയെ അറിയിക്കും. പി.എച്ച്ഡി പഠനകാലം അദ്ധ്യാപന പരിചയമായി കണക്കാക്കാമോ എന്നതാണ് കേസിലെ പ്രധാന നിയമപ്രശ്നം.
മുൻ എസ്.എഫ്.ഐ നേതാവും സി.പി.എം സഹയാത്രികനുമായ കെ.ആർ. സുഭാഷ് ചന്ദ്രനെ സുപ്രീംകോടതിയിലെ സ്റ്റാൻഡിംഗ് കോൺസൽ സ്ഥാനത്തുനിന്ന് മാറ്റുകയും ചെയ്തു. സംസ്ഥാനത്തിന്റെ സ്റ്റാൻഡിംഗ് കോൺസൽ പി.എസ്. സുൾഫിക്കർ അലിയെ സർവകലാശാലയുടെ കേസുകൾ ഏൽപ്പിക്കാൻ ഈ മാസം മൂന്നിനുതന്നെ ഉത്തരവ് ഇറക്കിയിരുന്നു.
നിയമനം നിയമപരവും ചട്ടപ്രകാരവും നടത്തിയതാണെന്ന നിലപാടായിരുന്നു സുപ്രീം കോടതിയിൽ സർവകലാശാല ഇതുവരെ സ്വീകരിച്ചിരുന്നത്. ജസ്റ്റിസ് മനോജ് മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ഇന്ന് അപ്പീൽ പരിഗണിക്കുന്നത്. നിയമനം ശരിവച്ച കേരള ഹൈക്കോടതി ഉത്തരവിനെതിരെ യു.ജി.സിയും ഉദ്യോഗാർത്ഥി ഡോ. ജോസഫ് സ്‌കറിയയും നൽകിയ അപ്പീലാണ് സുപ്രീംകോടതി പരിഗണിക്കുന്നത്.
വഴിവിട്ട നിയമനമാണ് സർവകലാശാല നടത്തിയതെന്ന് നേരത്തെ കോൺഗ്രസ് ആരോപിച്ചിരുന്നു.ഭരണ മാറ്റം വന്നതോടെ ആ നിലപാടിലേക്ക് സർവകലാശാലയും മാറുകയായണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |