SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.54 AM IST

75-ാം പിറന്നാളാഘോഷം ലളിതമാക്കി മമ്മൂട്ടി; സമ്മാനമായി രണ്ട് സിനിമകൾ

mela
മമ്മൂട്ടി പിറന്നാൾ ദിനത്തിൽ പുറത്തുവിട്ട പുതിയ സിനിമയുടെ പോസ്റ്റർ

കൊച്ചി: 75-ാം പിറന്നാൾ ചെന്നൈയിലെ വീട്ടിൽ കുടുംബത്തിനൊപ്പം ലളിതമായി ആഘോഷിച്ച് സൂപ്പർതാരം മമ്മൂട്ടി. പിറന്നാൾ ദിനത്തിൽരണ്ട് പുതിയ സിനിമകളുടെ വിവരങ്ങളും പുറത്തുവിട്ടു.

ആഘോഷവിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഭാര്യ സുൾഫത്ത്, മകൻ ദുൽഖർ സൽമാൻ എന്നിവരും വീട്ടിലുണ്ടായിരുന്നു.

പുതിയസിനിമയുടെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററുമാണ് പുറത്തുവിട്ടത്. മമ്മൂട്ടി നിർമ്മിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന 'മേള"യാണ് സിനിമ. പോസ്‌റ്ററിൽ ഗുണ്ടാനേതാവിൻ്റെ ലുക്കിലാണ് മമ്മൂട്ടി. കാരക്കുടിയിൽ ചിത്രീകരണം തുടരുകയാണ്. എട്ടു വർഷത്തിനുശേഷം അഭിനയിക്കുന്ന തമിഴ് ചിത്രമായ ഓമിൻ്റെ ടീസറും പുറത്തിറക്കി. രാജ്കുമാർ പെരിയസാമിയാണ് സംവിധായകൻ. മമ്മൂട്ടിയുടേത് ബർമ കാർത്തികേയൻ എന്ന കഥാപാത്രമാണ്. ധനുഷ്, സായ് പല്ലവി, ശ്രീലീല തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. ഒക്ടോബർ 16നാണ് റിലീസ്.

അഭിമാനതാരം:മുഖ്യമന്ത്രി

മുഖ്യമന്ത്രി വി.ഡി സതീശൻ, സൂപ്പർതാരം മോഹൻലാൽ തുടങ്ങിയവർ പിറന്നാൾ ആശംസകളർപ്പിച്ചു. മലയാളത്തിൻ്റെ അഭിമാനതാരം എന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. അഞ്ച് പതിറ്റാണ്ടിലേറെയായി അഭ്രപാളിയിൽ വിസ്മയം തീർക്കുന്ന അഭിനയസപര്യ ഇന്ത്യൻ സിനിമയ്‌ക്ക് എക്കാലവും പ്രചോദനമാണ്. പ്രിയ മമ്മൂക്കയ്ക്ക് ആയുരാരോഗ്യസൗഖ്യങ്ങളും നന്മകളും നേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഇച്ചാക്കയ്‌ക്ക് ആശംസകൾ:മോഹൻലാൽ

പ്രിയപ്പെട്ട ഇച്ചാക്കയ്‌ക്ക് പിറന്നാൾ ആശംസകൾ എന്ന് മോഹൻലാൽ സമൂഹമാദ്ധ്യമത്തിൽ കുറിച്ചു. ആരോഗ്യവും സന്തോഷവും വിജയവും എക്കാലത്തും തുടരട്ടെയെന്നും പറഞ്ഞു.

താരസംഘടനയായ അമ്മയും ആശംസ അറിയിച്ചു. താരങ്ങളും സാംസ്കാരിക,രാഷ്ട്രീയ, സിനിമാപ്രവർത്തകരും ആശംസകൾ നേർന്നു.

മമ്മൂട്ടി ഫാൻസ് ആൻഡ് വെൽഫെയർ അസോസിയേഷൻ ഇൻ്റർനാഷണൽ 'ജീവാമൃതം" രക്തദാനക്യാമ്പുകൾ സംഘടിപ്പിച്ചു. 17 രാജ്യങ്ങളിലായി നാൽപ്പതിനായിരം യൂണിറ്റ് രക്തം ദാനം ചെയ്യുന്ന പദ്ധതി ഇന്നും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MAMMOOTTY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA