SignIn
Kerala Kaumudi Online
Tuesday, 08 September 2026 12.53 AM IST

അട്ടപ്പാടി ഇരട്ടക്കൊല: അന്വേഷണം ബംഗാൾ സ്വദേശിയിലേക്ക്

dd
അട്ടപ്പാടി ഇരട്ടക്കൊല:

പാലക്കാട്: അട്ടപ്പാടിയിലെ ഭവാനിപ്പുഴയിൽ സ്ത്രീയുടെയും പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ ചാക്കിൽക്കെട്ടിയനിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം പശ്ചിമബംഗാൾ സ്വദേശിയിലേക്ക്. കൊല്ലപ്പെട്ട യുവതിയുടെ പങ്കാളിയെ കേന്ദ്രീകരിച്ചാണ് അന്വേഷണം.

ഇയാളുടെ കോൾ ഡീറ്റെയിൽ റെക്കോർഡ് (സി.ഡി.ആർ) ശേഖരിച്ച് നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. കൊലപാതകത്തിന് ശേഷം വ്യാഴാഴ്ച കേരളത്തിൽ നിന്ന് കടന്നതായാണ് സൂചന. എസ്.ഐ.ടി സംഘം സംസ്ഥാനത്തിന് പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.

കൊല്ലപ്പെട്ട സ്ത്രീ അസം സ്വദേശിനിയാണ്. ഇരുവരും വിവാഹിതരാണോ എന്നത് വ്യക്തമല്ല. ജോലി തേടിയാണ് ഇവർ അട്ടപ്പാടിയിലെത്തിയത്. 20 ദിവസം മുമ്പാണ് പ്രതി ചീരക്കടവിൽ

സ്വകാര്യവ്യക്തിയുടെ തോട്ടത്തിൽ തൊഴിലാളിയായത്. കഴിഞ്ഞ ബുധനാഴ്ച ഇവരെ നാട്ടുകാർ ബസിൽ കണ്ടതായി അഗളി ഡിവൈ.എസ്.പി ആർ.അശോകൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. വ്യാഴാഴ്ച മുതലാണ് കാണാതായത്. കോട്ടത്തറ ആശുപത്രിയിലേക്ക് പോവുകയാണന്നാണ് പറഞ്ഞാണ് പോയതെന്നും പ്രദേശവാസികൾ പറയുന്നു. യുവതിയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയിച്ച് ഭർത്താവ് വഴക്കിടുമായിരുന്നു. ഈ തർക്കമാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നും പരിശോധിക്കുന്നുണ്ട്. യന്ത്രസമാനമായ ആയുധം ഉപയോഗിച്ച് മൃതദേഹങ്ങൾ വെട്ടിമുറിച്ചശേഷം ചാക്കുകളിൽ കെട്ടി പുഴയിൽ ഉപേക്ഷിച്ചതാകാമെന്നാണ് സംശയം.
തൃശൂർ ഗവ. മെഡിക്കൽ കോളേജിൽ മൃതദേഹങ്ങളുടെ പോസ്റ്റ്‌മോർട്ടം നടത്തി. ഫോറൻസിക് പരിശോധനയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടും ലഭിച്ചാലേ വ്യക്തത വരികയുള്ളൂവെന്ന് അന്വേഷണസംഘം പറഞ്ഞു. തൃശൂർ കമ്മിഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് സംഭവസ്ഥലം സന്ദർശിച്ചു. പ്രതിയെന്ന് സംശയിക്കുന്നയാളുടെ താമസസ്ഥലത്തും പരിശോധിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ATTAPADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA