
തിരുവനന്തപുരം: ഇടക്കാലത്തുണ്ടായ ക്ഷീണം മറന്ന് ഇന്ത്യൻ കോഫീഹൗസുകളുടെ സാന്നിദ്ധ്യം വീണ്ടും ശക്തമാവുകയാണ്.11 വർഷങ്ങൾക്ക് ശേഷം വിവിധ തസ്തികകളിലായി 600 പേരെ നിയമിക്കാനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.കിളിമാനൂർ,കേരളയൂണിവേഴ്സിറ്റി, എം.എൽ.എ ഹോസ്റ്റൽ, കേരളകലാമണ്ഡലം,തണ്ണീർമുക്കം ബണ്ട് റോഡ് എന്നിവിടങ്ങളിൽ കോഫീഹൗസുകൾ തുറക്കാനുള്ള നടപടികളായി.
കോഫീഹൗസിന്റെ ഭരണ സമിതി അംഗങ്ങളുൾപ്പെടെ മുഖ്യമന്ത്രി വി.ഡി.സതീശനെയും വ്യവസായ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിയെയും കണ്ട് നിവേദനം നൽകിയിരുന്നു.പി.വി.അബ്ദുൾവഹാബ് എം.പിയും വേണ്ട സഹായം ചെയ്തു. തുടർന്നാണ് നിയമനത്തിന് അപേക്ഷ ക്ഷണിക്കാൻ വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടർ അനുമതി നൽകിയത്.
1958-ൽ എ.കെ.ജിയാണ് ഈ സ്ഥാപനത്തിന് രൂപം നൽകിയത്. തിരുവനന്തപുരം മുതൽ തൃശൂർ വരെ 58എണ്ണമായുണ്ടായിരുന്ന കോഫീഹൗസ്, ജീവനക്കാരുടെ കുറവും പ്രവർത്തന നഷ്ടവും കാരണം എണ്ണം 45 ആയി ചുരുങ്ങി. യൂണിയനുകളുമായി ബന്ധപ്പെട്ട ചില തർക്കങ്ങളെ തുടർന്ന് എൽ.ഡി.എഫ് സർക്കാർ 2017-ൽ അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തിയെങ്കിലും ഭരണസമിതി ഹൈക്കോടതിയെ സമീപിച്ച് 2017 ജൂലായിൽ അനുകൂല വിധി സമ്പാദിച്ചു.
വ്യവസായ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ ഭരണചുമതല 13 അംഗ ഡയറക്ടർ ബോർഡിനാണ്. വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടറാണ് സ്ഥാപനത്തിന്റെ രജിസ്ട്രാർ. 120 കോടിയോളമാണ് ഒരു വർഷത്തെ വിറ്റുവരവ്.നിലവിൽ 1300 ഓളം ജീവനക്കാരാണുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |