SignIn
Kerala Kaumudi Online
Monday, 29 June 2026 11.23 AM IST

ആസൂത്രണ ബോർ‌ഡ് പരീക്ഷയിൽ പിഎസ്‌സിക്ക് പിഴവ്, 58 മാർക്കിനുള്ള ചോദ്യങ്ങൾ മൂല്യനിർണയം നടത്തിയില്ല

READ ENGLISH VERSION
planning-board-exam
പിഎസ്‌സി ആസ്ഥാനം

തിരുവനന്തപുരം: ആസൂത്രണ ബോർഡിലെ ഉന്നത തസ്‌തികയിലേക്ക് പിഎസ്‌സി നടത്തിയ പരീക്ഷയുടെ മൂല്യനിർണയത്തിൽ വലിയ പിഴവ്. ഉദ്യോഗാർത്ഥികൾ രേഖപ്പെടുത്തിയ ഉത്തരങ്ങൾ പോലും മൂല്യനിർണയം നടത്തിയില്ല. ആസൂത്രണ ബോർഡിലെ ചീഫ് (ഇൻഡസ്‌ട്രി ആൻഡ് ഇൻഫ്രാ‌സ്‌ട്രക്‌ചർ ഡിവിഷൻ) നിയമന പരീക്ഷയുടെ മൂല്യനിർണയമാണ് പരാതിക്കിരയാക്കിയത്. ആകെ ഒരു ഒഴിവ് മാത്രമുണ്ടായിരുന്ന തസ്‌തിയാണിത്. ചില ഉദ്യോഗാർത്ഥികളുടെ ഉത്തരങ്ങൾ രേഖപ്പെടുത്തിയത് മൂല്യനിർണയം നടത്തിയല്ലെന്ന് ഇവർ കണ്ടെത്തി. ഫീസടച്ച് ഉത്തരക്കടലാസിന്റെ പകർപ്പെടുത്ത് പരിശോധിച്ചപ്പോഴാണ് ഉദ്യോഗാർത്ഥികൾക്ക്‌ കാര്യം‌ വ്യക്തമായത്.

ആലപ്പുഴ മുഹമ്മ സ്വദേശിയായ ഉദ്യോഗാർത്ഥിയുടെ ഒന്നാം പേപ്പറിലെ ഒൻപത് മുതൽ 18 വരെയുള്ള ചോദ്യങ്ങൾക്കാണ് മൂല്യനിർണയം നടത്താത്തത്. ആകെയുള്ള നൂറ് മാർക്കിൽ 58 മാർക്കും നോക്കാതെ വിട്ടുകളഞ്ഞ ഈ ഉത്തരങ്ങൾക്കായിരുന്നു. ബാക്കി മാർക്ക് മാത്രമാണ് ഇദ്ദേഹത്തിന് കിട്ടിയത്. ഇതോടെ ഉദ്യോഗാർത്ഥി കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചു. 2022ലാണ് സെക്രട്ടറിയേറ്റിൽ അഡീഷണൽ സെക്രട്ടറി തലത്തിലുള്ള ഈ ഉന്നത തസ്‌തികയ്‌ക്ക് വിജ്‌ഞാപനം പുറപ്പെടുവിച്ചത്. ശമ്പളസ്‌കെയിൽ 1,23,700 മുതൽ 1,66,800 രൂപ വരെയാണ്. 2023 ജൂലായിൽ പരീക്ഷനടത്തി 2025 ഫെബ്രുവരിയിൽ ചുരുക്കപ്പട്ടിക വന്നു. ഇതിൽ ഉൾപ്പെട്ടവരെ അഭിമുഖത്തിന് വിളിച്ച് ഒന്നാം റാങ്കുകാരന് നിയമന ശുപാർശ നൽകി.

പരീക്ഷാ മൂല്യനിർണയ പരാതി നൽകിയവർക്ക് ഉത്തരകടലാസിന്റെ പകർപ്പ് നൽകിയതാകട്ടെ ഒരുവർ‌ഷം കഴിഞ്ഞ്. പരീക്ഷാ മൂല്യനിർണയത്തിലെ പിഎസ്‌സിക്ക് സംഭവിച്ച തകരാറ് ആസൂത്രണ ബോർഡിലെ മൂന്ന് നിയമനങ്ങളെ ബാധിക്കുമെന്നാണ് വിവരം. മൂന്ന് നിയമനങ്ങൾക്കുമായാണ് ഈ ഒറ്റ പരീക്ഷ നടത്തിയത് എന്നതിലാണിത്. രണ്ടെണ്ണത്തിൽ നിയമനം ഇതിനകം നടത്തി. വിഷയത്തിൽ ഇടപെട്ട കേരള അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ നിയമനം കോടതിവിധിയനുസരിച്ചാകുമെന്ന് വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KPSC, EXAM, PLANNING BOARD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA