SignIn
Kerala Kaumudi Online
Sunday, 19 July 2026 4.35 AM IST

ലഹരിക്കെതിരെ കൈകോർത്ത് കേരളകൗമുദിയും യു.ജി.എസും

ugs

മലപ്പുറം: വിദ്യാർത്ഥി സമൂഹത്തെ ലഹരിയുടെ കെണികളിൽ നിന്ന് രക്ഷിക്കാൻ കേരളകൗമുദിയും പ്രമുഖ ധനകാര്യ സ്ഥാപനമായ അർബൻ ഗ്രാമീൺ സൊസൈറ്റിയും (യു.ജി.എസ്) സംയുക്തമായി സംഘടിപ്പിക്കുന്ന 'ലഹരിവിമുക്ത കേരളം' കാമ്പയിന്റെ നാലാം എഡിഷൻ ലോഗോ പ്രകാശനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിർവഹിച്ചു. മലപ്പുറത്ത് നടന്ന ചടങ്ങിൽ യു.ജി.എസ് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ടിന് അദ്ദേഹം ലോഗോ കൈമാറി.

ലഹരിയെന്ന വിപത്തിനെതിരെ വാർത്തകൾ നൽകുന്നതിനപ്പുറം സമൂഹത്തിൽ നേരിട്ടിറങ്ങി ബോധവത്കരണം നടത്താൻ കേരളകൗമുദി കാണിക്കുന്ന ആർജ്ജവം അഭിനന്ദനാർഹമാണെന്ന് മന്ത്രി പറഞ്ഞു. പൊലീസും എക്‌സൈസും മാത്രം വിചാരിച്ചാൽ ലഹരിയെ പൂർണ്ണമായി തുടച്ചു നീക്കാനാകില്ല. അതിന് കേരളകൗമുദിയെപ്പോലെയുള്ള മാദ്ധ്യമങ്ങളും യു.ജി.എസിനെപ്പോലെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള സ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോർക്കണം. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള കേരളകൗമുദിയുടെ ഇടപെടൽ നാളത്തെ തലമുറയെ കാത്തുസൂക്ഷിക്കുമെന്നതിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു.

സാമൂഹിക പ്രതിബദ്ധതയുള്ള പ്രവർത്തനങ്ങളിൽ പങ്കാളികളാകുക യു.ജി.എസ് ഗ്രൂപ്പിന്റെ ലക്ഷ്യമാണെന്ന് മാനേജിംഗ് ഡയറക്ടർ അജിത് പാലാട്ട് പറഞ്ഞു. കേരളകൗമുദിയുടെ ലഹരിവിരുദ്ധ കാമ്പയിനിൽ പങ്കാളിയാകാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമുണ്ട്. വിദ്യാർത്ഥികളെയും യുവതലമുറയെയും ലഹരിയുടെ വിപത്തിൽ നിന്ന് സംരക്ഷിക്കാനുള്ള പോരാട്ടത്തിന് യു.ജി.എസ് മുന്നിലുണ്ടാവുമെന്നും അജിത് പാലാട്ട് പറഞ്ഞു.

പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ കൂടി പിന്തുണയോടെയാണ് കേരളകൗമുദിയുടെ കാമ്പയിൽ . ലഹരി വിപത്തിനെതിരെ വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ശക്തമായ പ്രതിരോധം തീർക്കാൻ യു.ജി.എസുമായുള്ള സഹകരണം കൂടുതൽ ഊർജ്ജം പകരുമെന്ന് കേരളകൗമുദി യൂണിറ്റ് ചീഫ് സുമോദ് കാരാട്ടുതൊടി പറഞ്ഞു. വിദ്യാലയങ്ങളിൽ വിപുലമായ ബോധവത്കരണ പരിപാടികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. ചടങ്ങിൽ പങ്കെടുത്ത എം.എൽ.എമാരായ മഞ്ഞളാംകുഴി അലിയും വി.എസ്.ജോയിയും ബോധവത്കരണ പരിപാടികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DRUG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA