SignIn
Kerala Kaumudi Online
Thursday, 10 September 2026 1.10 PM IST

ഇന്ത്യയിലെ വനിതാ സാമാജികരുടെ സമ്മേളനം ഇന്ന് രാഷ്ട്രപതി ഉദ്ഘാടനം ചെയ്യും

specker

തിരുവനന്തപുരം: സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികത്തോടനുബന്ധിച്ച് നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് പരിപാടിയുടെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന വനിതാ സാമാജികരുടെ സമ്മേളനം ഇന്ന് രാവിലെ 11.30 ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഉദ്ഘാടനം ചെയ്യും.

നിയമസഭാ മന്ദിരത്തിലെ ശങ്കരനാരായണൻ തമ്പി ലോഞ്ചിൽ നടക്കുന്ന സമ്മേളനത്തിൽ പാർലമെന്റിലെയും നിയമസഭകളിലെയും 130 വനിതാ സാമാജികരും ഔദ്യോഗിക പ്രതിനിധികളുമടക്കം 190 പേർ പങ്കെടുക്കും. ഗുജറാത്ത്, ഛത്തീസ്ഗഡ്,ബീഹാർ സംസ്ഥാനങ്ങളിലെ നിയമസഭ സ്പീക്കർമാർ, ഡൽഹി ഡെപ്യൂട്ടി സ്പീക്കർ, പശ്ചിമബംഗാൾ,മഹാരാഷ്ട്ര,ഒഡിഷ,രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലെ വനിതാ മന്ത്രിമാർ തുടങ്ങിയവർ എത്തുന്നുണ്ട്.

ഉദ്ഘാടനശേഷം 'ഭരണഘടനയും വനിതകളുടെ അവകാശങ്ങളും' എന്ന ആദ്യ സെഷനിൽ ഗുജറാത്ത് സ്പീക്കർ നിമാബെൻ ആചാര്യ, ലോക്‌സഭാ അംഗം കനിമൊഴി, ലോക്‌സഭാ മുൻ സ്പീക്കർ മീരാകുമാർ, രാജ്യസഭാംഗമായിരുന്ന ബൃന്ദ കാരാട്ട് എന്നിവർ പങ്കെടുക്കും. 'സ്വാതന്ത്ര്യ സമരത്തിൽ വനിതകളുടെ പങ്ക്' എന്ന സെഷനിൽ ലോക്‌സഭാംഗം സുപ്രിയാ സലേ, രാജ്യസഭാംഗം ജെബി മേത്തർ, മുൻ എം.പി സുഭാഷിണി അലി എന്നിവർ പങ്കെടുക്കും. 'വനിതകളുടെ അവകാശങ്ങളും നിയമത്തിലെ പഴുതുകളും' എന്ന വിഷയത്തിൽ പശ്ചിമ ബംഗാൾ വനിതാ ശിശുവികസന മന്ത്രി ഡോ. ശഷി പഞ്ചാ, ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അനു ശിവരാമൻ, ജയാ ബച്ചൻ എം.പി, ഡൽഹി നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ രാഖി ബിർല എന്നിവരാണ് സംബന്ധിക്കുക.

'തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതികളിൽ വനിതകളുടെ പ്രാതിനിദ്ധ്യക്കുറവ് ' എന്ന വിഷയത്തിൽ നാളെ നടക്കുന്ന സെഷനിൽ ഉത്തരാഖണ്ഡ് നിയമസഭാ സ്പീക്കർ റിതു ഖണ്ഡൂരി, മുൻ എം.പി.യും തെലങ്കാന എം.എൽ.സിയുമായ കവിതാ കൽവകുന്തല, ആനി രാജ എന്നിവർ പങ്കെടുക്കും. ഉച്ചയ്ക്കശേഷം നടക്കുന്ന സമാപന സമ്മേളനം ലോക്‌സഭാ സ്പീക്കർ ഓം ബിർള ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാധാകൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WOMENS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA