
പൊലീസ് സ്‌റ്റേഷനിലും അതിക്രമം ജീപ്പിന്റെ വയർലസ് സെറ്റ് തകർത്തു
കാട്ടാക്കട: ആര്യനാട് പൊലീസ് സ്റ്റേഷനിൽ മദ്യകുപ്പിയുമായെത്തി യ്യൂട്യൂബറുടെ പരാക്രമം. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും നിരവധി ഫോളോവേഴ്സുള്ള ഉഴമലയ്ക്കൽ സ്വദേശി യദുകൃഷ്ണൻ(23) ആണ് അതിക്രമം കാട്ടിയത്.
സ്റ്റേഷനിലെത്തി ജീപ്പിന്റെ വയർലസ് സെറ്റ് ഉൾപ്പെടെ തകർത്ത ഇയാൾ തുടർന്ന് സി.ഐ തൊടിയൂർ അരുണോദയത്തിൽ സി.ദേവരാജന്റെ (50)തലയിൽ ഇരുമ്പ് കസേര കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചു.
കഴിഞ്ഞ ദിവസം രാത്രി 10.30 മണിയോടെയാണ് സംഭവം. മദ്യലഹരിയിൽ മദ്യക്കുപ്പിയുമായി സ്റ്റേഷനിലെത്തിയ യദുകൃഷ്ണൻ പൊലീസുകാരോട് മോശമായി പെരുമാറുകയും സ്റ്റേഷനകത്ത് വെച്ച് മദ്യക്കുപ്പി അടിച്ചുപൊട്ടിക്കുകയും ചെയ്തു. ജീപ്പിന്റെ വയർലസ് സെറ്റും തകർത്തു. പൊലീസുകാർ പിടികൂടാൻ ശ്രമിച്ചതോടെ കുതറി മാറിയ ഇയാൾ സ്റ്റേഷന് തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് ഓടിക്കയറി. ഡോക്ടറുടെ ക്യാബിനിലെത്തിയ യദുകൃഷ്ണനോട് അവിടെ എത്തിയ സി.ഐ ദേവരാജൻ, പൊലീസ് സ്‌റ്റേഷനിൽ അതിക്രമം കാട്ടിയത് എന്തിനെന്ന് ചോദിച്ചു. ഇതോടെ പ്രകോപിതനായ യദുകൃഷ്ണൻ അസഭ്യം പറയുകയും ക്യാബിനിലുണ്ടായിരുന്ന ഇരുമ്പ് കസേര എടുത്ത് സി.ഐയുടെ തലയിൽ അടിക്കുകയുമായിരുന്നു. അടിയിൽ നെറ്റിയുടെ ഭാഗത്ത് ഗുരുതരപരിക്കേറ്റു. പരിക്കേറ്റ സി.ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലയിലെ മുറിവിൽ ആറ് തയ്യൽ വേണ്ടിവന്നു. തുടർന്ന് യദുകൃഷ്ണനെ പൊലീസ് പിടികൂടി. ഇയാൾ സ്ഥിരം പ്രശ്‌നക്കാരനാണെന്ന് പൊലീസ് അറിയിച്ചു. മാനസിക രോഗത്തിന് ഇടക്ക് ചികിത്സതേടിയിരുന്നുവത്രെ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |