
കോഴിക്കോട്: പ്രവാസി വ്യവസായി മുഹമ്മദലിയെ തട്ടിക്കൊണ്ടുപോയി 70 കോടി മോചന ദ്രവ്യം ആവശ്യപ്പെട്ട കേസിലെ പ്രതികളെ പിടികൂടാനെത്തിയ നാലംഗ എസ്.ഐ.ടി സംഘത്തിന് നേരെ തോക്ക് ചൂണ്ടിയും പന്നിപ്പടക്കമെറിഞ്ഞും (ഏറ് പടക്കം) ആക്രമണം.
പ്രതികൾ ഒളിച്ചു താമസിക്കുകയായിരുന്ന പെരുവയലിലെ ഫ്ളാറ്റിൽ ഇന്നലെ രാവിലെ എട്ടരയ്ക്കാണ് സംഭവം.
ആക്രമണത്തിൽ നാല് പൊലീസുകാർക്കും ഒരു പ്രതിക്കും പരിക്കേറ്റു. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. അര മണിക്കൂർ നേരത്തോളം ഭീകരാന്തരീക്ഷം സൃഷ്ടിച്ച പ്രതികളെ മാവൂർ, കുന്ദമംഗലം ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിലെത്തിയ പൊലീസ് സംഘത്തിന്റെ സഹായത്തോടെയാണ് കീഴ്പ്പെടുത്തിയത്. കാസർകോട് നീലേശ്വരം സ്വദേശി ഷമീറെന്ന ആട് ഷമീർ (37), കൊല്ലം സ്വദേശി ഡേവിഡ് (38), കോഴിക്കോട് മാവൂർ സ്വദേശി ജാസ്മോൻ (32) പാലക്കാട് സ്വദേശി വിഷ്ണു സൽമാൻ (28) എന്നിവരെയാണ് പിടികൂടിയത്. പ്രതിയായ ഡേവിഡിനാണ് പരിക്കേറ്റത്. പ്രതികളിൽ നിന്ന് രണ്ട് പിസ്റ്റളും ഒരു എയർ ഗണ്ണും 11 ബുള്ളറ്റുകളും പിടികൂടി. തോക്കുകൾ ലോഡ് ചെയ്തിരുന്നു.
മൂന്ന് മാസം മുൻപ് ഡേവിഡാണ് പെരുവയലിൽ ഫ്ളാറ്റ് എടുത്തത്. മറ്റു രണ്ടു പേരും കഴിഞ്ഞ ദിവസമാണ് ഫ്ളാറ്റിലെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇവരിവിടെ ഒളിച്ചു താമസിക്കുന്നുണ്ടെന്ന് വിവരമറിഞ്ഞാണ് എസ്.ഐ.ടി സംഘമെത്തിയത്. പൊലീസാണെന്നറിഞ്ഞതോടെ കെെയിലുണ്ടായിരുന്ന രണ്ട് പന്നിപ്പടക്കങ്ങളെറിഞ്ഞു. മറ്റു പ്രതികൾ തോക്കു ചൂണ്ടിയും ഭീഷണിപ്പെടുത്തി. പ്രതികളെ സധെെര്യം നേരിട്ട സംഘം ഇതിനിടെ മാവൂർ, കുന്ദമംഗലം സ്റ്റേഷനുകളിൽ വിവരമറിയിച്ചു. തുടർന്ന് ഇൻസ്പെക്ടർമാരായ മുഹമ്മദ് റഫീക്ക്, കിരൺ, മെഡിക്കൽ കോളേജ് എ.സി.പി ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ കീഴടക്കിയത്. പ്രതികളിൽ ഷമീർ, വിഷ്ണു സൽമാൻ എന്നിവരെ പാലക്കാട് ഒറ്റപ്പാലത്തേയ്ക്ക് കൊണ്ടുപോയി. കഴിഞ്ഞ വർഷമാണ് കേസിനാസ്പദമായ സംഭവം. മർദ്ദിച്ച് അവശനാക്കിയ പ്രവാസി വ്യവസായിയെ ഒറ്റപ്പാലത്തെ വീട്ടിലാണ് താമസിപ്പിച്ചിരുന്നത്. വീട്ടിൽ ആളില്ലാതിരുന്നപ്പോഴാണ് രക്ഷപ്പെട്ടത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |