SignIn
Kerala Kaumudi Online
Tuesday, 14 July 2026 5.02 AM IST

തൂക്കിക്കൊന്നോളൂ, ഞാൻ ഗാന്ധിയല്ല; കുറ്റക്കാരനെന്ന് കണ്ടെത്തിയ കോടതിയോട് ചെന്താമര

chen
ഇരട്ടക്കൊലപാതക കേസിലെ പ്രതി ചെന്താമര

പാലക്കാട്: നെന്മാറ പോത്തുണ്ടിയിലെ ഇരട്ടക്കൊലപാതക കേസിൽ പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് അഡിഷണൽ സെഷൻസ് കോടതി - 4 കണ്ടെത്തി. ശിക്ഷ നാളെ വിധിക്കും. ബി.എൻ.എസ് 103(1),126(2) പ്രകാരമാണ് കുറ്റക്കാരനെന്ന് കോടതി നിരീക്ഷിച്ചത്. കൃത്യം നടന്ന് ഒന്നരവർഷത്തിനുശേഷമാണ് വിധി വരുന്നത്. വിധി പ്രഖ്യാപിക്കുംമുമ്പ് എന്തെങ്കിലും പറയാനുണ്ടോയെന്ന് ചെന്താമരയോട് ജഡ്ജി കെന്നത്ത് ജോർജ് ചോദിച്ചപ്പോൾ തൂക്കിക്കൊന്നോളൂവെന്നായിരുന്നു മറുപടി. കേസിൽ ചെന്താമര മാത്രമാണ് പ്രതി.

അയൽവാസിയായ യുവതിയെയും വർഷങ്ങൾക്കുശേഷം യുവതിയുടെ ഭർത്താവിനെയും ഭർതൃമാതാവിനെയും കൊലപ്പെടുത്തിയ ചെന്താമരയെ കനത്തസുരക്ഷയിലാണ് ഇന്നലെ രാവിലെ കോടതിയിലെത്തിച്ചത്. വിധി കേൾക്കാനായി വലിയ ജനക്കൂട്ടം പുറത്ത് കാത്തുനിന്നു.

 കിട്ടിയാൽ കൊടുക്കും: ചെന്താമര

കോടതി: ഗുരുതരമായ കേസായതിനാൽ വധശിക്ഷയ്ക്ക് സാദ്ധ്യതയുണ്ട്?
മറുപടി: തൂക്കിക്കൊന്നോളൂ

എത്ര നാളായി ജയിലിലുണ്ട്?
മറുപടി: കൃത്യമായി അറിയില്ല

എന്തായിരുന്നു ജോലി?
മറുപടി: ടാങ്കർ ലോറി ഡ്രൈവറായിരുന്നു

കുറ്റബോധമില്ല എന്നാണ് പ്രോസിക്യൂഷൻ പറയുന്നത്?
മറുപടി: അവനവന് വരുമ്പോഴേ വേദന അറിയൂ

വീണ്ടും കൊലപാതകം നടത്താൻ സാദ്ധ്യതയുണ്ടെന്നാണ് വാദം ?
മറുപടി: ഞാൻ ഗാന്ധിയല്ല. കിട്ടിയാൽ കൊടുക്കും

 പേടിച്ച് സുധാകരന്റെ മക്കൾ

ചെന്താമരയെ തൂക്കിക്കൊല്ലണമെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും മാദ്ധ്യമങ്ങളോട് പറഞ്ഞു. കോടതിമുമ്പാകെ പോലും ഭീഷണി മുഴക്കിയ ചെന്താമരയെ പേടിയാണ്. ഞങ്ങൾക്ക് അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും നഷ്ടമായി. പുറത്തിറങ്ങിയാൽ ഞങ്ങളെയും കൊല്ലും. അയാൾക്ക് ആരെയും പേടിയില്ല.

 കൊലയ്ക്കുപിന്നിലെ പക?​

തന്റെ ഭാര്യ പിണങ്ങിപ്പോകാൻ കാരണം അയൽവാസികളായ സജിതയും പുഷ്പയുമാണെന്നാണ് ചെന്താമര കരുതുന്നത്. 2019 ആഗസ്റ്റ് 30ന് സജിതയെ ചെന്താമര കഴുത്തറുത്ത് കൊലപ്പെടുത്തി. ഈ കേസിൽ ജാമ്യത്തിൽ കഴിയവേ 2025 ജനുവരി 27നായിരുന്നു പോത്തുണ്ടിയിൽ നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം നടന്നത്. സജിതയുടെ ഭർത്താവായ നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് ചെന്താമര കൊലപ്പെടുത്തിയത്. ഇതിനിടെ ചെന്താമരയെ പേടിച്ച് പുഷ്പ നാടുവിട്ടുപോയി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CRIME
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA