
തിരുവനന്തപുരം: 2021 മുതൽ 2026 വരെയുള്ള കാലയളവിൽ സംസ്ഥാനത്തുണ്ടായ റോഡപകട മരണങ്ങളിൽ പകുതിയും ദേശീയപാതകളിലാണെന്ന് മന്ത്രി പി.കെ.ബഷീർ നിയമസഭയിൽ അറിയിച്ചു. അമിതവേഗതയും ഗതാഗത നിയമലംഘനങ്ങളുമാണ് റോഡപകടങ്ങളുടെ പ്രധാന കാരണങ്ങളെന്നും റോഡ് നിർമ്മാണത്തിലെ ന്യൂനതകളെ മാത്രം അപകടങ്ങൾക്ക് കാരണമായി കാണാനാവില്ലെന്നും കെ.കെ.വത്സരാജിന്റെ ശ്രദ്ധ ക്ഷണിക്കലിന് മറുപടിയായി നിയമസഭയിൽ മന്ത്രി വ്യക്തമാക്കി.അപകടങ്ങൾ പതിവായി സംഭവിക്കുന്ന സ്ഥലങ്ങളിൽ പൊലീസ്,മോട്ടോർ വാഹന വകുപ്പ്,ബന്ധപ്പെട്ട റോഡ് ഏജൻസികൾ എന്നിവയുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന നടത്തി അപകടകാരണങ്ങൾ കണ്ടെത്തുകയും പരിഹാരനടപടികൾ നിർദ്ശിദേക്കുകയും ചെയ്യുന്നുണ്ട്.നാറ്റ്പാക് മുഖേന ശാസ്ത്രീയ പഠനങ്ങൾ നടത്തി പ്രധാന അപകടമേഖലകളെ ബ്ലാക്ക് സ്പോട്ടുകളായി തിരിച്ചറിഞ്ഞ് സുരക്ഷാ നടപടികൾ സ്വീകരിക്കുന്നതായും മന്ത്രി അറിയിച്ചു.
അപകടസാധ്യത കൂടുതലുള്ള സ്ഥലങ്ങളിൽ സോളാർ ബ്ലിങ്കറുകൾ,റംബിൾ സ്ട്രിപ്പുകൾ,സ്പീഡ് ഹമ്പുകൾ,റിഫ്ലക്ടീവ് റോഡ് സൈനുകൾ,റോഡ് മാർക്കിങ്ങുകൾ,റോഡ് സ്റ്റഡുകൾ എന്നിവ സ്ഥാപിക്കുന്നുണ്ട്.അപകടകരമായ വളവുകളിലും മീഡിയനുകളിലും മെറ്റൽ ക്രാഷ് ബാരിയറുകളോ വയർ റോപ്പ് ബാരിയറുകളോ സ്ഥാപിക്കുന്നതടക്കമുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചുവരുന്നതായി മന്ത്രി വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |